കോഴിക്കോട്: ജില്ലാ ക്ഷീരകര്‍ഷക സംഗമം 27, 28, 29 തിയതികളില്‍ ഡോ.വര്‍ഗീസ് കുര്യന് നഗര്‍, നന്മണ്ട-13ല്‍ നടക്കുമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ രശ്മി.ആറും, സ്വാഗതസംഘം ചെയര്‍മാനും എഴുകുളം ക്ഷീരസംഘം പ്രസിഡന്റുമായ പി.ശ്രീനിവാസന് മാസ്റ്ററും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 27ന് വൈകീട്ട് നാല് മണിക്ക് വിളംബര ഘോഷയാത്ര പി.ഐ ഹോസ്പിറ്റല്‍ പരിസരത്തു നിന്നാരംഭിച്ച് ഡോ.വര്‍ഗീസ് കുര്യന് നഗറില്‍ സമാപിക്കും. 28ന് രാവിലെ ഒമ്പത് മണിക്ക് പതാക ഉയര്‍ത്തുന്നതോടെ സംഗമ പരിപാടികള്‍ ആരംഭിക്കും. രാവിലെ 9.30ന് ഡയറി എക്സ്പോ എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്യും. 10.30ന് നടക്കുന്ന സഹകരണ ശില്പശാല മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സെമിനാറും വ്യക്തിത്വ വികസന ക്ലാസും വൈകീട്ട് 3.30ന് ഡയറി ക്വിസും വിനോദ പരിപാടികളും ആറ് മണിക്ക് കലാസന്ധ്യയും അരങ്ങേറും. 29ന് ജില്ലാ ക്ഷീരവികസന സംഗമവും എഴുകുളം ക്ഷീരസംഘത്തിന്റെ കെട്ടിടോദ്ഘാടനവും മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിക്കും. ഇ.കെ വിജയന് എം.എല്‍.എ മികച്ച ക്ഷീര കര്‍ഷകനേയും കര്‍ഷകയേയും ആദരിക്കും. ക്ഷീരമേഖലയില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ക്ഷീര കര്‍ഷകരേയും ക്ഷീര സംഘങ്ങളേയും വിവിധ ജനപ്രതിനിധികള്‍ ആദരിക്കും. മില്‍മ ചെയര്മാന് കെ.എസ് മണി, ക്ഷീര കര്‍ഷക ക്ഷേമനിധി ചെയര്മാന് വി.പി ഉണ്ണികൃഷ്ണന് സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജീജ കെ.എം, ശ്രീകാന്തി.എന്‍, ലാവണ്യ.സി, റുമൈബ എന്നിവരും പങ്കെടുത്തു.
