കോഴിക്കോട്: ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലാകും പരിപാടികള്‍ അരങ്ങേറുക. വൈകുന്നേരം അഞ്ചുമണി മുതല്‍ പത്തുമണിവരെയാണ് പരിപാടികള്‍. അഞ്ചു മുതല്‍ അഞ്ചു 30 വരെ മത്സര വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കാന്‍ ഈ വേദി പ്രയോജനപ്പെടുത്തും. 5.30 മുതല്‍ 6.30 വരെ സാംസ്‌കാരിക പ്രഭാഷണം, തുടര്‍ന്ന് കലാപരിപാടികള്‍ എന്നിങ്ങനെയാണ് ക്രമീകരണം. ചണ്ഡാലഭിക്ഷുകിയുടെ ദൃശ്യവിഷ്‌കാരം, സൂഫി സംഗീതം, ഗസല്‍, ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഗാനമേള, ജില്ലയിലെ കലാകാരന്മാരായ അധ്യാപകരുടെ കൂട്ടായ്മ (ആക്ട്) നടത്തുന്ന പരിപാടികള്‍, പഴയകാല ചലച്ചിത്ര ഗാനമേള, മയക്കുമരുന്നിന് എതിരേയുള്ള ദൃശ്യ ശില്‍പം, മധുരം മലയാളം, തോല്‍പ്പാവക്കൂത്ത്, കഥക് നൃത്തം തുടങ്ങിയവ അവതരിപ്പിക്കും. സാംസ്‌കാരിക പരിപാടികള്‍ക്ക് മുന്നോടിയായി 61 ചിത്രകാരന്മാര്‍ അണിനിരക്കുന്ന സമൂഹ ചിത്രരചനയും നടക്കും. അവസാന ദിവസം ഓപ്പണ്‍ ഫോറവും ഉണ്ടാകും. മൂന്നിന് വിദ്യാഭ്യാസ മന്ത്രി, ജില്ലയിലെ മന്ത്രിമാര്‍ എന്നിവര്‍ക്ക് പുറമേ എം.മുകുന്ദന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, കൈതപ്രം, സുനില്‍ പി.ഇളയിടം എന്നിവര്‍ എത്തിച്ചേരും. ജില്ലയിലെ എം.പിമാര്‍ എം.എല്‍.എമാര്‍ കോര്‍പറേഷന്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി ചടങ്ങുകളില്‍ പങ്കെടുക്കും. സാംസ്‌കാരിക കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ എ. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.എ സാജിദ്, എസ്.എസ്.കെ പ്രോഗ്രാം ഓഫീസര്‍ ഡോ. അബ്ദുല്‍ ഹക്കീം, എ.കെ മുഹമ്മദ് അഷ്‌റഫ്, വടയക്കണ്ടി നാരായണന്‍, സി.പി അബ്ദുല്‍ റഷീദ്, എം.ജി ബല്‍രാജ്, പി.സഞ്ജീവ് കുമാര്‍, കെ.വി ശശി, കെ.അന്‍വര്‍, എന്‍.പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.