ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തുടരുന്ന അതിശൈത്യത്തിലും ശീതകൊടുങ്കാറ്റിലും 34 പേര്‍ മരിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി. അതിശക്തമായി തുടരുന്ന ‘ബോംബ് സൈക്ലോണ്‍’ എന്നറിയപ്പെടുന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അമേരിക്കയിലെ 60 ശതമാനത്തോളം പേരെ അതിശൈത്യം ബാധിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.
ശീതക്കാറ്റ് വൈദ്യുതി വിതരണത്തെയും കാര്യമായി ബാധിച്ചു. ക്രിസ്മസ് ദിനത്തില്‍ പോലും 15 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. ആയിരക്കണക്കിന് വിമാന സര്‍വിസുകള്‍ റദ്ദാക്കി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. യുദ്ധസമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ പറഞ്ഞു. റോഡുകളുടെ ഇരുവശങ്ങളിലുമുള്ള വാഹനങ്ങളുടെ കാഴ്ച ഞെട്ടിപ്പിക്കുന്നതാണെന്നും ന്യൂയോര്‍ക്കിലെ ബഫലോ സ്വദേശിയായ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കില്‍ നിന്ന് മധ്യ അമേരിക്കയിലേക്ക് ഉറഞ്ഞുകൂടിയ മഞ്ഞാണ് ഇപ്പോഴത്തെ അതിശൈത്യത്തിന് കാരണം. അതിശൈത്യത്തില്‍ പുറത്തിറങ്ങുന്നവര്‍ക്ക് മിനുറ്റുകള്‍ക്കകം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ശൈത്യം ഇനിയും രൂക്ഷമാവാനാണ് സാധ്യതയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.