ബൈപാസ് ഉദ്ഘാടനത്തിലേക്ക്: സര്‍വീസ് റോഡുകള്‍ ആശങ്കയില്‍

ബൈപാസ് ഉദ്ഘാടനത്തിലേക്ക്: സര്‍വീസ് റോഡുകള്‍ ആശങ്കയില്‍

ചാലക്കര പുരുഷു 

മാഹി: മാര്‍ച്ച് മാസത്തോടെ മുഴപ്പിലങ്ങാട് – അഴിയൂര്‍ ദേശീയപാതയുടെ ഉദ്ഘാടനം നടക്കുമെന്നിരിക്കെ, മാഹിയില്‍പ്പെട്ട ഈസ്റ്റ് പള്ളൂരിലൂടെ കടന്നുപോകുന്ന സര്‍വീസ് റോഡ് പല സ്ഥലങ്ങളിലും വീതി കൂടിയും കുറഞ്ഞുമാണിരിക്കുന്നത്. മാഹി പ്രദേശത്ത് ദേശീയ പാതയില്‍ മൂന്ന് അണ്ടര്‍ ബ്രിഡ്ജുകളും ഒരു ജംഗ്ഷനുമുണ്ട്. റോഡ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ നിലവില്‍ ദേശീയ പാതയായ മാഹി ടൗണിലൂടെ കടന്നുപോകുന്ന റോഡ് സംസ്ഥാന ഹൈവേയായി മാറ്റപ്പെടുകയും, ഭാരവാഹനങ്ങളും, ദീര്‍ഘദൂര ബസുകളും വാഹനങ്ങളുമൊക്കെ യാതൊരു ഗതാഗതക്കുരുക്കുമില്ലാതെ ബൈപസ്സിലൂടെ കടന്നു പോവുകയും ചെയ്യും. ഇതോടെ മാഹിക്ക് ഇന്നുള്ള വ്യാപാര വാണിജ്യ പ്രാമാണിത്വം നഷ്ടമാകുകയും ചെയ്യും. ഇത് മുന്നില്‍ കണ്ട് പലരും പള്ളൂരിലെ ബൈപാസ്റ്റിന്റെ ഇരു ഭാഗങ്ങളിലും മോഹവിലയ്ക്ക് സ്ഥലം കൈവശമാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചില പ്രമുഖ വ്യാപാരികള്‍ സെന്റിന് ഇരുപത് ലക്ഷത്തിലേറെ രൂപക്കാണ് സ്ഥലം വാങ്ങിച്ചത്. സര്‍വ്വീസ് റോഡിന്റെ രണ്ട് ഭാഗങ്ങളിലുമായി റിയലന്‍സ് ഉള്‍പ്പടെ മൂന്ന് പെട്രോള്‍ പമ്പുകള്‍ക്ക് ഇതിനകം പ്രാഥമികാനുമതി ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. മാഹി ടൗണില്‍ നിന്ന് മാത്രമല്ല, പുതുച്ചേരിയില്‍ നിന്നടക്കം ചില മദ്യഷാപ്പുകള്‍ ഇവിടേയ്ക്ക് ഷിഫ്റ്റ് ചെയ്യാന്‍ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും, മദ്യത്തിനും കേരളത്തെ അപേക്ഷിച്ച് ഇവിടെ ഗണ്യമായ വിലക്കുറവുണ്ട്.

ദേശീയപാതാ അതോറിറ്റിയുടെ നിബന്ധനകള്‍ പ്രകാരം സര്‍വീസ് റോഡിന് അഞ്ചര മീറ്റര്‍ വീതി വേണം. ഇത് പ്ലാനില്‍ വ്യക്തമാക്കിയതുമാണ്. അതിനായി സ്ഥലമേറ്റെടുക്കാനുള്ള നിയമവും നിലവിലുണ്ട്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍വീസ് റോഡിന്റെ വീതി പലയിടങ്ങളിലും നാല് മീറ്ററും നാലര മീറ്ററുമൊക്കെയായി പല തരത്തിലാണുള്ളത്. മിക്കവാറും ടാറിങ്ങും നടന്ന് കഴിഞ്ഞിട്ടുണ്ട്. ജനുവരി മാസത്തോടെ സര്‍വീസ് റോഡുകളുടേതടക്കം ബൈപ്പാസ് പണി പൂര്‍ത്തിയാകും.
പളളൂര്‍ ഭാഗത്തെ മൂന്ന് അടിപ്പാതകളിലൂടെയും, ഒരു ജംഗ്ഷന്‍ വഴിയും സര്‍വീസ് റോഡുകളിലേക്ക് പ്രവേശിക്കുന്ന 16, 18 ചക്രങ്ങളുള്ള വന്‍കിട വാഹനങ്ങള്‍ വിതി കുറഞ്ഞ ഭാഗങ്ങളിലെത്തുമ്പോള്‍ ഗതാഗതക്കുരുക്കില്‍പ്പെടുന്ന അവസ്ഥയാണുണ്ടാവുക.

നിര്‍മ്മാണത്തിലിരിക്കെ കൂപ്പ് കുത്തിയ ബാലത്തില്‍ പാലത്തിന്റേയും, മാഹി റെയില്‍വെ മേല്‍പ്പാലത്തിന്റേയും പണിയാണ് ഇനി പൂര്‍ത്തിയാകേണ്ടത്.’ റെയില്‍വെ മേല്‍പ്പാലത്തിന്റെ സ്ലാബുകളെല്ലാം ഇതിനകം നിര്‍മിച്ചു കഴിഞ്ഞു. റെയില്‍വെ എന്‍ജിനീയറിങ്ങ് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം അനുമതി കിട്ടിയാലുടന്‍ മേല്‍പ്പാലവും യാഥാര്‍ത്ഥ്യമാകും. സര്‍വീസ് റോഡിന്റെ വിതി കുറഞ്ഞത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ജനങ്ങളില്‍ നിന്ന് കിട്ടിയിട്ടുണ്ട്. അഞ്ചര മീറ്റര്‍ ഉറപ്പ് വരുത്തി, ആവശ്യമായിടത്ത് അടിയന്തിരമായി അക്വിസിഷന്‍ നടത്താന്‍ എന്‍.എച്ച് അധികൃതരോടും, മയ്യഴി ഭരണ കുടത്തോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാതെ ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ഈ പ്രദേശങ്ങളില്‍ താര്‍ ചെയ്യുന്നത് ജനങ്ങളെ അണിനിരത്തി തടയുമെന്ന് രമേശ് പറമ്പത്ത് എം.എല്‍.എ, അറിയിച്ചു. അടിയന്തിരമായും സര്‍വീസ് റോഡുകള്‍ പ്ലാനില്‍ നിര്‍ദേശിക്കപ്പെട്ട നിലയില്‍ തന്നെ നിര്‍മ്മിക്കണം. വ്യക്തി താല്‍പ്പര്യ സംരക്ഷണത്തിന് അനുവദിക്കില്ലെന്ന്
ജനശബ്ദം മാഹി ആക്ടിങ്ങ് സെക്രട്ടറി സി.എം.സുരേഷ് മുന്നറിയിപ്പ് നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *