കോട്ടയം: എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വാലി, പമ്പാവാലി മേഖലകളില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത 100 പേര്‍ക്കെതിരേ പോലിസ് കേസ് എടുത്തു. ജനവാസ മേഖലകള്‍ വനമേഖലയെന്ന് രേഖപ്പെടുത്തി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിനെതിരേയുള്ള പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്.
പൊതുമുതല്‍ നശീകരണം ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. വനം വകുപ്പ് നല്‍കിയ പരാതിയിലാണ് പോലിസ് കേസ്. മറിയാമ്മ സണ്ണി, മാത്യു ജോസഫ് എന്നിവരാണ് മെംബര്‍മാര്‍. മറ്റ് 98 പേര്‍ കണ്ടാലറിയുന്നവരാണെന്നാണ് പോലിസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വനംവകുപ്പിന്റെ പരാതിയില്‍ രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസ്.
പ്രതിഷേധിച്ച നൂറ് കണക്കിന് പ്രദേശ വാസികള്‍ ചേര്‍ന്ന് വനംവകുപ്പിന്റെ ബോര്‍ഡുകള്‍ പിഴുതുമാറ്റി. ഇളകിമാറ്റിയ ബോര്‍ഡുമായി റേഞ്ച് ഓഫിസിന് മുന്നില്‍ കുത്തിയിരുന്നു. അയ്യായിരത്തോളം ജനങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് എയ്ഞ്ചല്‍വാലി, പമ്പാവാലി മേഖല. എന്നാല്‍ ഉപഗ്ര സര്‍വേയില്‍ ഏയ്ഞ്ചല്‍വാലിയിലെ പതിനൊന്നും പന്ത്രണ്ടും വാര്‍ഡുകള്‍ വനമേഖലയാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ നേരത്തെ വലിയ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ രേഖപ്പെടുത്തിയതിലെ പിഴവെന്നും പരിഹരിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
ബഫര്‍ സോണ്‍ വിഷയത്തില്‍ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചെങ്കിലും പുതിയ ഭൂപടത്തിലും കോട്ടയം ജില്ലയിലെ ജനവാസ മേഖലകള്‍ വനമേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരേ വലിയ പ്രതിഷേധമാണ് പിന്നാലെ പ്രദേശത്തുണ്ടായത്. പ്രശ്‌ന പരിഹാരത്തിന് വനംമന്ത്രിക്ക് പ്രദേശവാസികള്‍ നേരിട്ട് പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ഈ മേഖലകള്‍ വനംമേഖലയെന്ന് രേഖപ്പെടുത്തി കണ്ടതോടെയാണ് പ്രതിഷേധമുണ്ടായത്.