കാര്‍ത്തിക
ബെത്‌ലഹേമില്‍ പിറവിയെടുത്ത സ്‌നേഹ സ്വരൂപനെ സ്മരിച്ചുകൊണ്ട് സ്‌നേഹ സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറുന്ന ക്രിസ്മസ് തിരക്കിലാണ് നാടും നഗരവുമെല്ലാം. മണ്ണും വിണ്ണും തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. മഞ്ഞു പെയ്തിറങ്ങുന്ന ഡിസംബറിലെ കുളിരുള്ള രാവില്‍ ലോകം മുഴുവനും നക്ഷത്രവിളക്കുകള്‍ തെളിയുമ്പോള്‍ അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനവും നല്‍കുന്ന സന്ദേശങ്ങളാല്‍ മുഖരിതമാകുന്ന നിമിഷങ്ങള്‍.
തിരുപ്പിറവിയുടെ പ്രതീകങ്ങളായ പുല്‍ക്കൂടിനും മരത്തിനും ദൈവത്തിന്റെ പ്രകാശത്തിന്റെയും കാരുണ്യത്തിന്റേയും പ്രതിഫലനങ്ങള്‍ ഉളവാകുമ്പോള്‍ ഓരോ ഹൃദയങ്ങളും തിരുപ്പിറവിയുടെ സന്ദേശം ഉള്‍ക്കൊള്ളുന്നു. കുട്ടികളും മുതിര്‍ന്നവരും സ്‌നേഹ സന്ദേശം നല്‍കുന്ന ക്രിസ്മസ് രാവിനായി കാത്തിരിക്കുമ്പോഴും അവര്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ക്രിസ്മസ് തൊപ്പിയും ചുവപ്പും വെള്ളയും വസ്ത്രങ്ങളുമണിഞ്ഞ് ക്രിസ്മസ് ഗാനങ്ങള്‍ പാടി അവര്‍ ആഘോഷിച്ചു കൊണ്ടേ ഇരിക്കുന്നു.സ്‌നേഹത്തിന്റെ , കാരുണ്യത്തിന്റെ , സമാധാനത്തിന്റെ , സത്കര്‍മ്മങ്ങളുടെ നക്ഷത്ര ശോഭയുള്ള ക്രിസ്മസും പുതുവത്സരവും ഓരോ വായനക്കാര്‍ക്കും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.