വേങ്ങേരി: ഡയറക്ടറേറ്റ് ഓഫ് മാര്‍ക്കറ്റിങ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ ഓഫിസ് കൊച്ചിയുടെയും അഗ്രികള്‍ച്ചര്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് വേങ്ങേരിയുടെയും നേതൃത്വത്തില്‍ ദേശീയ ഉപഭോക്തൃ ദിനം ആഘോഷിച്ചു. വേങ്ങേരി മാര്‍ക്കറ്റില്‍ വച്ച് നടന്ന പരിപാടി കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിഡ്രസ്സല്‍ കമ്മീഷന്‍ മെംബര്‍ ബി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവര്‍ക്ക് ലഭ്യമാകുന്ന നിയമപരിരക്ഷയെക്കുറിച്ചും ഉപഭോക്താവ് ബോധവാന്മാരായിരിക്കണം. കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയ ഗുണനിലവാരമുള്ള സാധനങ്ങള്‍ വാങ്ങുന്നതില്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഉപഭോക്താവിന്റെ അവകാശങ്ങളെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും ഡയറക്ടറേറ്റ് ഓഫ് മാര്‍ക്കറ്റിങ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ കൊച്ചി മേഖല ഓഫിസ് ഡെപ്യൂട്ടി അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് അഡൈ്വസര്‍ ഡോ. അനില്‍കുമാര്‍ സംസാരിച്ചു. കോഴിക്കോട് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിര്‍, കോഴിക്കോട് ഫുഡ് സേഫ്റ്റി ഓഫിസര്‍ ഡോക്ടര്‍ വിഷ്ണു എസ്. ഷാജി, റീജിയണല്‍ അഗ്മാര്‍ക്ക് ലബോറട്ടറി സീനിയര്‍ സയിന്റിസ്റ്റ് കെ.ജയന്‍, മാര്‍ക്കറ്റിംഗ് ഓഫിസര്‍ എല്‍.രാജശേഖരന്‍ എന്നിവര്‍ ക്ലാസ് എടുത്തു. കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഇ.എസ് മിനി സ്വാഗതവും നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രം സെക്രട്ടറി പി.ആര്‍ രമാദേവി നന്ദിയും പറഞ്ഞു.