തലശ്ശേരി: ലഹരി മാഫിയാ സംഘത്തെ ചോദ്യം ചെയ്തതിന് നെട്ടൂര്‍ ഇല്ലിക്കുന്നിലെ കെ.ഖാലിദ് (52), സഹോദരീഭര്‍ത്താവ് പൂവനാഴി ഷെമീര്‍ (40) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലുള്ള മൂന്ന് പ്രതികള്‍ നല്‍കിയ ജാമ്യഹരജി കോടതി തള്ളി. അഞ്ചു മുതല്‍ ഏഴുവരെ പ്രതികളായ പിണറായി പടന്നക്കര വാഴയില്‍ ഹൗസില്‍ സുജിത്കുമാര്‍ (45), വടക്കുമ്പാട് പാറക്കെട്ടിലെ തേരേക്കാട്ടില്‍ ഹൗസില്‍ അരുണ്‍കുമാര്‍ (38), പിണറായി പുതുക്കുടി ഹൗസില്‍ ഇ.കെ സന്ദീപ് (38) എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജ് ജി.ഗിരീഷ് തള്ളിയത്. പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പേര് ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയുടെ സുഹൃത്ത് എന്നതിനാലാണ് അറസ്റ്റ് ചെയ്തതെന്നും അഞ്ചാം പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ ജി.പി ഗോപാലകൃഷ്ണന്‍ വാദിച്ചിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ പ്രകാരമാണ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ അജിത്ത് കുമാര്‍ ബോധിപ്പിച്ചു. കൊല്ലപ്പെട്ടവര്‍ മരണമൊഴിയായും, പരുക്കേറ്റയാളും ചികിത്സിച്ച ഡോക്ടര്‍മാരോട് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന നല്‍കിയിരുന്നുവെന്നും സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി.ദൃശ്യങ്ങളിലും പ്രതികളുടെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.ആറും ഏഴും പ്രതികള്‍ക്ക് വേണ്ടി അഡ്വ.ഒ.ജി.പ്രേമരാജനാണ് ഹാജരായത്. കഴിഞ്ഞ നവംബര്‍ 23നാണ് പ്രതികള്‍ സംഘം ചേര്‍ന്ന്വീനസ് കവലയില്‍ വച്ച് ഖാലിദിനെയും ഷെമീറിനെയും കുത്തിക്കൊലപ്പെടുത്തിയത്.