കോഴിക്കോട്: 61ാമത് കേരള സ്‌കൂള്‍ കലോത്സവം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി ഓഫീസ് സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം സാഹിത്യകാരന്‍ വി.ആര്‍ സുധീഷ് നിര്‍വഹിച്ചു. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവം ഹരിത ചട്ട പ്രകാരം നടത്തുക എന്നതാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ ലക്ഷ്യം. ഇതിനായി ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. 27, 28, 29 തിയതികളിലായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം 28ന് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വിദ്യാര്‍ഥികളേയും രക്ഷിതാക്കളെയും ഹരിത ചട്ടത്തെ കുറിച്ച് ബോധവല്‍ക്കരിക്കും. പരിശീലനം നേടിയ വളണ്ടിയര്‍മാരെ കലോത്സവ നഗരിയില്‍ സേവനത്തിനായി ഉപയോഗപ്പെടുത്തും. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ്.ജയശ്രീ അധ്യക്ഷത വഹിച്ചു. അഡ്വ. എം രാജന്‍, മനോജ് കുമാര്‍, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മേഴ്‌സി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിനി, ഡോ. ജോഷി ആന്റണി, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫിസര്‍ കൃപ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കെ ശ്രീജേഷ് കുമാര്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് പ്രമോദ് മോവനാനി നന്ദിയും പറഞ്ഞു.