കോഴിക്കോട്: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മയക്കുമരുന്നിനുമെതിരേ ശാസ്ത്ര വിചാരം പുലരാന്‍ കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഉത്തരമേഖല ജനചേതന യാത്ര 26,27 തീയതികളില്‍ കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തുമെന്ന് കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ ദിനേശന്‍, സെക്രട്ടറി എന്‍. ഉദയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 22ന് രാഷ്ട്രകവി ഗോവിന്ദപൈയുടെ മഞ്ചേശ്വരത്തെ സ്മാരകത്തില്‍ സിനിമാ സംവിധായകന്‍ ഷാജി എന്‍.കരുണ്‍ ഉദ്ഘാടനം ചെയ്ത ജനചേതന യാത്രയുടെ ഉത്തരമേഖല ജാഥക്ക് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞികൃഷ്ണനും അരുവിപുറത്തുനിന്ന് ആരംഭിച്ച ദക്ഷിണമേഖല ജാഥക്ക് സംസ്ഥാന സെക്രട്ടറി വി.കെ മധുവുമാണ് നേതൃത്വം നല്‍കുന്നത്. രണ്ട് ജാഥകളും 30ന് തൃശൂരില്‍ വമ്പിച്ച ഘോഷയാത്രയോടെ സംഗമിക്കും.
ഉത്തരമേഖല ജനചേതന യാത്രയെ 26ന് ജില്ലാ അതിര്‍ത്തിയായ അടിവാരത്തുവച്ച് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് വൈകീട്ട് മൂന്ന് മണിക്ക് താമരശ്ശേരി ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താമരശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കും. വൈകീട്ട് അഞ്ച് മണിക്ക് വടകര താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വടകര പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കും. 27ന് രാവിലെ ഒമ്പത് മണിക്ക് കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നല്‍കുന്ന സ്വീകരണത്തിന് ശേഷം രാവിലെ 11 മണിക്ക് കോഴിക്കോട് നഗരത്തിലെത്തും. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ വച്ച് സ്വീകരണം നല്‍കും. ജില്ലയിലെ നാല് സ്വീകരണ കേന്ദ്രത്തിലുമായി ഗ്രന്ഥശാല പ്രവര്‍ത്തകര്‍, ലൈബ്രേറിയന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ പതിനായിരത്തോളം പേര്‍ പങ്കെടുക്കും. തുടര്‍ന്ന് ജനചേതനയാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. സുരേഷ് ബാബു, കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ഉദയഭാനു, പുഷ്പലത (ടി.ആര്‍ ജില്ലാ ലൈബ്രറി ഓഫിസര്‍, കോഴിക്കോട്) എന്നിവരും സംബന്ധിച്ചു.