കോഴിക്കോട്: മഹാഭാരത്തിലെ ധൃതരാഷ്ട്രര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുകൊണ്ട് വി.പി ഏലിയാസ് എഴുതിയ ‘ഇരുളന്‍’ എന്ന ചെറുകഥ, പുരാണ കഥാപാത്രത്തെ പുതിയ ലോകത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കാലിക്കറ്റ് ബുക്ക് ക്ലബിന്റെ പ്രതിമാസ സാഹിത്യ ചര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത കഥാകൃത്ത് ഐസക് ഈപ്പന്‍ പറഞ്ഞു. ചെറുകഥ എന്ന സാഹിത്യരൂപം മറ്റേതൊരു സാഹിത്യരൂപത്തേക്കാള്‍ സമകാലികമായ പ്രശ്‌നങ്ങളോട് കൂടുതല്‍ ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഏലിയാസിന്റെ കഥയിലെ ചില കഥാപാത്രങ്ങള്‍ വി.കെ.എനിന്റെ കഥാപാത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന മികച്ച കഥാപാത്രസൃഷ്ടിയാണെന്ന് അധ്യക്ഷ ഭാഷണത്തില്‍ നോവലിസ്റ്റ് കെ.ജി രഘുനാഥ് പറഞ്ഞു. വി.പി. ഏലിയാസിന്റെ കുറുക്കിയെടുത്ത ഭാഷാപ്രയോഗം കവിതയ്ക്ക് സമാനമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് എം. രഘുനാഥും, ജീവിത പരിസരങ്ങളില്‍ കാണാന്‍ കഴിയുന്ന സാധാരണക്കാരുടെ കഥയിലൂടെ സമൂഹത്തെ അവതരിപ്പിക്കുന്ന മികച്ച കഥകളാണ് ‘ഇരുളന്‍’ എന്ന കഥാസമാഹാരത്തിലെ കഥകളെന്ന് ഡോ.എന്‍.എം സണ്ണിയും അഭിപ്രായപ്പെട്ടു. ടി.പി മമ്മു, ഹരീന്ദ്രനാഥ് എ.എസ്, എം.വി.എം ഷിയാസ് , മുണ്ട്യാടി ദാമോദരന്‍, ഡോ.പ്രദീപ് കുമാര്‍ , റോയി കാരാത്ര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.