കൊച്ചി: ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാര്‍ കോടതിയോട് മാപ്പ് പറഞ്ഞത്. സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ചയില്‍ ഹൈക്കോടതിയിലാണ് നിരുപാധികം ക്ഷമ ചോദിച്ചത്. പൊതുമുതല്‍ നശിപ്പിച്ച സംഭവം അതീവ ഗൗരവമുള്ളതെന്ന് ഹൈക്കോടതി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലെ 5.20 ലക്ഷം രൂപയുടെ നഷ്ടം നികത്താന്‍ നടപടി വൈകുന്നത് സംബന്ധിച്ച ഹൈക്കോടതി ചോദിച്ചപ്പോഴാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ.എസ് നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായി ഇടപെടുകയാണ്. ഇക്കാര്യത്തില്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
റവന്യു റിക്കവറി നടപടികള്‍ക്ക് ലാന്‍ഡ് റവന്യു കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. രജിസ്‌ട്രേഷന്‍ വകുപ്പ് പിഎഫ്‌ഐ നേതാക്കളുടെയും സ്ഥാപനങ്ങളുടെയും ആസ്തിവകകള്‍ കണ്ടത്തുകയാണ്. ജനുവരി 15 നകം നടപടി പൂര്‍ത്തിയാകും. ഏറ്റെടുത്തല്‍ പൂര്‍ത്തിയാക്കാന്‍ ഒരുമാസം കൂടി വേണ്ടിവരുമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്ന സംഭവം ഗൗരവമുള്ള വിഷയമാണെന്ന് കോടതി ചൂണ്ടികാട്ടി. പൊതുമുതല്‍ നശിപ്പിക്കുന്നത് പൊതു താല്‍പ്പര്യത്തിന് വിരുദ്ധമാണ് ഇത്തരക്കാരെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. ഇക്കാര്യം ബോധ്യപ്പെടുത്താനാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറിയോട് കോടതി വ്യക്തമാക്കി. ഹര്‍ജി ജനുവരി 17ന് കോടതി വീണ്ടും പരിഗണിക്കും.