നാദാപുരം: ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മലിനജല മുക്തമാകുന്നു. ഇതിന്റെ ആദ്യപടിയായി വാര്‍ഡില്‍ സര്‍വ്വേ നടത്തി മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സൗകര്യമില്ലാത്ത 112 കുടുംബങ്ങളിലെ ഗുണഭോക്താക്കളുടെ സംഗമം ചേലക്കാട് എല്‍.പി സ്‌കൂളില്‍ വച്ച് നടന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗുണഭോക്താക്കള്‍ക്ക് സോക്ക് പിറ്റ് നിര്‍മിച്ചു നല്‍കുക. ഇതിനായി തയ്യാറാക്കിയ എസ്റ്റിമേറ്റിന് തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക്തല സാങ്കേതിക അനുമതി ലഭിച്ചു. വാര്‍ഡ് വികസന സമിതി , കുടുംബശ്രീ എ.ഡി.എസ് എന്നിവര്‍ സംയുക്തമായാണ് മലിനജല സംസ്‌കരണത്തിനുള്ള സോക്ക് പിറ്റ് നിര്‍മിച്ച് നല്‍കുക.
സോക്ക്പിറ്റിന് ആവശ്യമായ സാധനസാമഗ്രികള്‍ ഒന്നിച്ച് വാങ്ങിക്കുകയും വിദഗ്ധ തൊഴിലാളികളുടെ സേവനം വാര്‍ഡ് തലത്തില്‍ തന്നെ ലഭ്യമാക്കിയാണ് സോക്ക്പിറ്റ് നിര്‍മിക്കുക. ഇതിനായി കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തില്‍ ലോണ്‍ എടുത്ത് ഗുണഭോകതാക്കളെ സഹായിച്ച് തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ പണം ലഭ്യമാകുമ്പോള്‍ പണം തിരികെ കുടുംബശ്രീ എ.ഡി.എസിന് നല്‍കുകയും ചെയ്യുന്നതാണ്. ഗുണഭോക്തൃ സംഗമം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എ.കെ ബിജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ചു. തൊഴിലുറപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നവനീത് രാജഗോപാലന്‍ ,വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.അശോകന്‍ മാസ്റ്റര്‍ , എ.ഡി.എസ് ഭാരവാഹികളായ ടി.പി റീജ , കമല എന്നിവര്‍ സംസാരിച്ചു.