ചാലക്കര പുരുഷു
തലശ്ശേരി: കന്നടരാജാക്കന്മാരുടെ കാവല്‍സേനയും അറക്കല്‍ ബീബിയുടെ പടയാളികളും ഒടുവില്‍ ബ്രിട്ടീഷുകാരും തന്ത്രമായ സൈനിക നീക്കങ്ങള്‍ക്ക് കരുക്കള്‍ മെനഞ്ഞ ആറ് ഏക്കര്‍ വരുന്ന കാക്കത്തുരുത്തും, ബുദ്ധചരിത്രവുമായി ബന്ധപ്പെട്ട ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലവുമായ ധര്‍മ്മ പട്ടണത്തിന് മനക്കണ്ണെഴുതിയ അഴിമുഖപ്രദേശവും ഇനി വിനോദ സഞ്ചാരികളുടെ ലോകോത്തര ടൂറിസം കേന്ദ്രമായി മാറും.243 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. റോപ്പ് വേ, ഫ്ളോട്ടിങ്ങ് ബ്രിഡ്ജ്, പഴയ മൊയ്തുപാലത്തില്‍ നിന്നുമാരംഭിക്കുന്ന പുഴയോര നടപ്പാത, കടല്‍ അക്വേറിയം എന്നിവയൊക്കെ പദ്ധതിയിലുള്‍പ്പെടും. മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മ്മടം ബീച്ച്, ധര്‍മ്മടം ദ്വീപ് എന്നിങ്ങനെ ഏതാണ്ട് തൊട്ട് കിടക്കുന്ന പുഴ, അഴിമുഖ കടലോര പ്രദേശങ്ങളെ കോര്‍ത്തിണക്കിയാണ് ലോകോത്തര ടൂറിസം പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.
രണ്ട് കാല്‍നട പാലങ്ങള്‍ നിര്‍മ്മിച്ച് മൂന്ന് പ്രദേശങ്ങളേയും ബന്ധിപ്പിക്കുക എന്നതാണ് മുന്നോട്ട് വെച്ച പ്രാഥമിക നിര്‍ദേശം. ആദ്യത്തെ കാല്‍നട പാലം മുഴപ്പിലങ്ങാട് ബീച്ചിനെ ധര്‍മ്മടം ബീച്ചുമായും, രണ്ടാമത്തെ കാല്‍നട പാലം ധര്‍മ്മടം ബീച്ചിനെ, ധര്‍മ്മടം ദ്വീപുമായും ബന്ധിപ്പിക്കും. സൈറ്റിന്റെ വലിപ്പം വളരെ വലുതായതിനാല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടെ സാധ്യമാകും. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിങ്ങ് ബീച്ചാണ് മുഴപ്പിലങ്ങാട്ടുള്ളത്. വിദേശ-ആഭ്യന്തര സാഹസിക വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും വിചിത്രമായ അനുഭവം പ്രദാനം ചെയ്യുന്നതിനായി കുടുംബ കേന്ദ്രീകൃതമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
ഒരു നദീതടത്തിലെ സംഗീത ജലധാരയും ജയന്റ് വീലും ഒരുമിച്ച് ആസ്വദിക്കാവുന്ന അദ്വിതീയ അനുഭവം ധാരാളം വിനോദസഞ്ചാരികളെ ധര്‍മ്മടം ബീച്ചിലേക്ക് ആകര്‍ഷിക്കും. ജയന്റ് വീല്‍, മ്യൂസിക്കല്‍ ഫൗണ്ടെയ്ന്, പാര്‍ക്കിംഗ്, ജോഗിംഗ്, സൈക്ലിംഗ് ട്രാക്ക് എന്നിവയുടെ മനോഹരമായ കാഴ്ചകള്‍ അനുഭവിക്കാന്‍ റെസ്റ്റോറന്റുകള്‍, ബോട്ട് റെസ്റ്റോറന്റുകള്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ തനത് ആയുര്‍വേദ ചികിത്സകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഹെല്‍ത്ത് റിട്രീറ്റ് റിസോര്‍ട്ടും ഇവിടെ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ആഭ്യന്തര, എന്‍.ആര്.ഐ, വിദേശ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുന്നതിന് കോട്ടേജുകളും മുറികളും അനുബന്ധ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളും ഇതിലുണ്ടാകും. ധര്‍മ്മടം ദ്വീപ് ചില ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ വിവിധതരം പക്ഷികളുടെ ആവാസകേന്ദ്രമാണ്. പ്രകൃതി സ്നേഹികളെ ആകര്‍ഷിക്കുന്നതിനായി ഇവിടെ ഒരു ഭൂഗര്‍ഭ ശില്പ ഉദ്യാനവും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ ഭൂമിക്ക് മുകളിലും വെള്ളത്തിനടിയിലുമുള്ള അനുഭവങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ആലോചനയുണ്ട്.