കോഴിക്കോട്: രാജ്യത്തെ മുന്നണി രാഷ്ട്രീയത്തിന്റെ രാജശില്‍പ്പിയും നവകേരള നിര്‍മിതിയുടെ ഉപജ്ഞാതാവുമായിരുന്നു കെ. കരുണാകരനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കരുത്തനും ക്രാന്തദര്‍ശിയായ നേതാവും ഭരണാധികാരിയുമായി അദ്ദേഹത്തെപോലൊരാള്‍ കേരള രാഷ്ട്രീയത്തിലുണ്ടായിട്ടില്ല.. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് പതിറ്റാണ്ട് നീണ്ട പൊതു ജീവിതത്തില്‍ 50 വര്‍ഷക്കാലം കേരളത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. കാമരാജിന് ശേഷം ദക്ഷിണേന്ത്യയില്‍ നിന്ന് അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച നേതാവാണ് കരുണാകരന്‍. വൈരുദ്ധ്യം നിറഞ്ഞ സാഹചര്യങ്ങളെ സാധ്യതകളുടെ മേഖലയാക്കി മാറ്റിയ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാണക്യനായിരുന്നു ലീഡര്‍.
പ്രതിസന്ധികളെ അവസരമാക്കുകയും പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു. കാലത്തിന് മുന്‍പേ പറന്ന പക്ഷിയും വേഗത്തോട് മത്സരിക്കുകയും യുവാക്കളുടെ പ്രസരിപ്പും ഉന്മേഷത്തോടെ നെഞ്ചുവിരിച്ച് രാപകലില്ലാതെ സഞ്ചരിച്ച കര്‍മനിരതന്‍. മാളയിലെ മാണിക്യമെന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചത്. കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും കേരളമായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. ഏഴിമല നാവിക അക്കാദമി, നെടുമ്പാശ്ശേരി വിമാനത്താവളം, കലൂര്‍ ഇന്റര്‍നാഷണല്‍
സ്‌റ്റേഡിയം എന്നിവയുള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്ക് പിന്നിലെ പ്രേരകശക്തിയും ലീഡറായിരുന്നുവെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പി. എം അബ്ദുറഹിമാന്‍, കെ.രാമചന്ദ്രന്‍, പി.ദാമോദരന്‍, രാജേഷ് കീഴരിയൂര്‍, യു.വി ദിനേഷ് മണി, അഡ്വ.എം.രാജന്‍,സി.പി വിശ്വനാഥന്‍, അബ്ദു റഹിമാന്‍ എടക്കുനി, ഷാജിര്‍ അറാഫത്ത്, പി.കുഞ്ഞിമൊയ്തീന്‍, പി.മൊയ്തീന്‍ മാസ്റ്റര്‍, കെ.അബുബക്കര്‍, രമേശ് നമ്പിയത്ത് എന്നിവര്‍ സംസാരിച്ചു.