കുരുന്നു കൈകളില്‍ കുഞ്ഞിക്കോഴി; കക്കാട് ജി.എല്‍.പി സ്‌കൂളിലെ വിതരണം ആവേശകരമായി

കുരുന്നു കൈകളില്‍ കുഞ്ഞിക്കോഴി; കക്കാട് ജി.എല്‍.പി സ്‌കൂളിലെ വിതരണം ആവേശകരമായി

മുക്കം: കക്കാട് ഗവ. എല്‍.പി സ്‌കൂളിലെ ‘കുരുന്നു കൈകളില്‍ കുഞ്ഞിക്കോഴി’ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.പി ജമീല നിര്‍വഹിച്ചു. സ്‌കൂളിലെ കുട്ടികള്‍ക്ക് ഒരു ദിവസം പ്രായമായ 500 കോഴിക്കുഞ്ഞുങ്ങളെയാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സൗജന്യമായി വിതരണം ചെയ്തത്.
കുട്ടികളില്‍ സഹജീവിസ്നേഹം, സഹാനുഭൂതി, ജിജ്ഞാസ എന്നിവ വളര്‍ത്തുക, കോഴി വളര്‍ത്തുരീതികള്‍ പരിശീലിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പിയ്യോ പിയ്യോ കൊഞ്ചിപ്പാടി കുഞ്ഞിക്കാലും കുഞ്ഞുചുണ്ടുമുള്ള വിവിധ വര്‍ണങ്ങളിലുള്ള കോഴിക്കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ കുട്ടികളും രക്ഷിതാക്കളും സന്തോഷപൂര്‍വം ഒരുമിച്ചെത്തിയതും ചടങ്ങിന് ആവേശം പകര്‍ന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തില്‍ ആമിന അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.എസി ചെയര്‍മാന്‍ ലുഖ്മാനുല്‍ ഹഖീം .കെ, വാര്‍ഡ് മുന്‍ മെംബര്‍ എടത്തില്‍ അബ്ദുറഹ്‌മാന്‍, ചാത്തമംഗലം സര്‍ക്കാര്‍ പ്രാദേശിക കോഴിവളര്‍ത്ത് കേന്ദ്രത്തിലെ ഇന്‍സ്പെക്ടര്‍ ജഗദീഷ് ബാബു കുന്ദമംഗലം പ്രസംഗിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക ജാനീസ് ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി. ഷംസു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സീനിയര്‍ അസിസ്റ്റന്റ് ഷഹനാസ് ടീച്ചര്‍, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫിറോസ് മാസ്റ്റര്‍, മുനീര്‍ പാറമ്മല്‍, എം. അബ്ദുല്‍ഗഫൂര്‍, നിസാര്‍ മാളിയേക്കല്‍, ഷാനില കെ.കെ, എം.പി.ടി.എ മുന്‍ പ്രസിഡന്റ് ഖമറുന്നീസ മൂലയില്‍, സാലി മാസ്റ്റര്‍, ജുനൈസ ടീച്ചര്‍, പര്‍വീണ ടീച്ചര്‍, വിപിന്യ ടീച്ചര്‍, പ്രജീന ഐ.കെ, സുമിത സര്‍ക്കാര്‍ പറമ്പ്, റൈഹാനത്ത്, സ്‌കൂള്‍ ലീഡര്‍ ആയിഷ റഹ, ഡെപ്യൂട്ടി ലീഡര്‍ കെ.പി മിന്‍ഹ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെയും ചാത്തമംഗലത്തെ സര്‍ക്കാര്‍ പ്രാദേശിക കോഴി വളര്‍ത്തു കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് ‘കുരുന്നു കൈകളില്‍ കുഞ്ഞിക്കോഴി’ പദ്ധതി നടപ്പാക്കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *