മേപ്പയ്യൂരില്‍ ഇനി പ്രാദേശിക കാലാവസ്ഥ വ്യതിയാനങ്ങള്‍ വേഗത്തില്‍ അറിയാം

മേപ്പയ്യൂരില്‍ ഇനി പ്രാദേശിക കാലാവസ്ഥ വ്യതിയാനങ്ങള്‍ വേഗത്തില്‍ അറിയാം

മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍: പ്രാദേശികമായ കാലാവസ്ഥാമാറ്റം നിര്‍ണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാനും മേപ്പയ്യൂരില്‍ ഇനി വിദ്യാര്‍ഥികളുണ്ടാകും. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂളുകളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒരുക്കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്ര ശിക്ഷാ കേരളം വഴിയാണ് പദ്ധതി നടപ്പാക്കിയത്. 80,000ത്തോളം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഒരു പ്രദേശത്തിന്റെ സൂക്ഷ്മ കാലാവസ്ഥ നിരന്തരം നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും കാലാവസ്ഥ വ്യതിയാനങ്ങള്‍ മനസ്സിലാക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അവസരം ഒരുക്കുന്നു.
ചടങ്ങില്‍ മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സജീഷ് നാരായണന്‍ പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, മേലടി ബി.ആര്‍.സി ബി.പി.സി വി.അനുരാജ്, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ എം.സക്കീര്‍ സ്വാഗതവും അധ്യാപിക വി.ആര്‍ അനുഷ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *