മെസി കനക കിരീടം ചൂടുന്നത് കാണാന്‍ കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് ജീപ്പോടിച്ചെത്തി നാജി

മെസി കനക കിരീടം ചൂടുന്നത് കാണാന്‍ കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് ജീപ്പോടിച്ചെത്തി നാജി

ചാലക്കര പുരുഷു

മാഹി: അടിമുടി സാഹസികമാണ് ഈ യുവതിയുടെ ജീവിതം. ആ സേതു ഹിമാചലം തൊട്ട്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സാഹസിക കേന്ദ്രങ്ങളിലേക്ക് മാസങ്ങള്‍ നീളുന്ന ഏകാന്ത യാത്രകളിലൂടെ മാഹി ചാലക്കര സ്വദേശിനിയായ നാജി നൗഷി എന്ന 34കാരി ഇതിനകം ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.ഏറ്റവുമൊടുവില്‍, ലോകകപ്പ് കാണാനുള്ള തന്റെ ഉല്‍ക്കടമായ അഭിനിവേശവും തനിച്ചു തന്നെ അവര്‍ സാധിച്ചെടുത്തു. കേരളത്തില്‍ രജിസ്‌ട്രേഷനുള്ള ജീപ്പുമായി ഖത്തറിലെത്തിയ ഫുട്ബാള്‍ കമ്പക്കാരിയായ സോളോ യാത്രക്കാരി നാജി നൗഷി ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ താരമാണ്. കേരള രജിസ്‌ട്രേഷനുള്ള ജീപ്പ് കണ്ട് ഒട്ടേറെ മലയാളികള്‍ കൗതുകത്തോടെ ഇവരെ സമീപിക്കുകയായിരുന്നു. ഫിഫ ലോക കപ്പ് നേരിട്ട് കാണുവാനായി ഒക്ടോബര് 15നാണ് മാഹിയില്‍ നിന്നും മഹിന്ദ്ര താര്‍ ജീപ്പ് തനിച്ച് ഓടിച്ചുകൊണ്ട് അഞ്ച് മക്കളുടെ മാതാവായ നാജി നൗഷി ഖത്തറിലെത്തിയത്.
സംസ്ഥാനഗതാഗത മന്ത്രിആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്ത് യാത്ര തുടങ്ങിയപ്പോള്‍ സാഹസിക യാത്രകള്‍ എന്നും ഇഷ്ടപ്പെടുന്ന ഈ ഫുട്‌ബോള്‍ പ്രേമിയുടെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു പൂവണിഞ്ഞത്.

കോയമ്പത്തൂര്‍ വഴി മുംബൈയിലേക്കും അവിടെ നിന്ന് കപ്പലില്‍ ഒമാനില്‍ എത്തി അവിടെ നിന്ന് റോഡ് വഴി യു.എ.ഇ, ബഹ്റൈന്‍, കുവൈറ്റ്, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ താണ്ടിയാണ് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിലെത്തിയത്. ഡിസംബര്‍ 10 നാണ് ഖത്തറില്‍ പ്രവേശിച്ചത്. ഫൈനല്‍ കാണാനായിരുന്നു പദ്ധതി. ഫുട്ബാള്‍ മിശിഹ മെസി കപ്പില്‍ മുത്തമിട്ടത് നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് നാജി നൗഷി. കേരളത്തില്‍ നിന്നുള്ള ഒരു വനിത, ജി.സി.സി രാജ്യങ്ങളിലേക്ക് ഒരു ഓവര്‍ലാന്‍ഡിംഗ് ട്രിപ്പ് ഏകയായി നടത്തുന്നത് ഇതാദ്യമായിരിക്കാമെന്നും അതോടൊപ്പം ഫുട്‌ബോള്‍ ലോകകപ്പ് കാണാനുള്ള ഭാഗ്യം ലഭിച്ചത് സന്തോഷകരമാണെന്നും പി.എം.എഫ് ഗ്ലോബല്‍ സംഘടനയുടെ പ്രസിഡന്റ് എം.പിസലീമിനോട് നാജി പറഞ്ഞു.

എല്ലാ അവശ്യ പാചക സാമഗ്രികളും വാഹനത്തില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്നതിനാല്‍ യാത്ര ഒരു സമ്പൂര്‍ണ്ണ വാന്‍-ലൈഫ് അനുഭവമായിരുന്നുവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ടോള്‍ പ്ലാസകള്‍ക്കും, പെട്രോള്‍ പമ്പുകള്‍ക്കും സമീപം വാഹനം പാര്‍ക്ക് ചെയ്ത് രാത്രികളില്‍ വാഹനത്തില്‍ തന്നെ ആയിരുന്നു ഉറക്കം. ഒരു ഇന്ത്യന്‍ ടീം ഫിഫ ലോകകപ്പ് കളിക്കുന്നത് കാണാന്‍ സ്വപ്നം കാണുന്ന ആളാണ് താന്‍. ഈ നൂതന യാത്രയിലൂടെ ഇന്ത്യന്‍ നിര്‍മിത മഹിന്ദ്ര വാഹനത്തില്‍ ഖത്തറില്‍ എത്തി ലോക കപ്പ് ഫുട്ബാള്‍ മാമാങ്കത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞ നൗഷി പ്രവാസിയായ നൗഷാദിനെയാണ് വിവാഹം കഴിച്ചത്. ലഡാക്കിലേക്കുള്ള അഖിലേന്ത്യാ യാത്ര ഉള്‍പ്പെടെ നാല് യാത്രാ പരമ്പരകള്‍ നാജി ഇതിനകം പൂര്‍ത്തിയാക്കി, സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഫോട്ടോകളും വീഡിയോകളും പങ്കിട്ടു. സഞ്ചാരസാഹിത്യ കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്നെപ്പോലെയുള്ള ഒരു വീട്ടമ്മയ്ക്ക് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുമെങ്കില്‍, കേരളത്തിലെ ഏതൊരു സാധാരണ സ്ത്രീക്കും അവളുടെ സ്വപ്‌നങ്ങളെ ആത്മവിശ്വാസത്തോടെ പിന്തുടരാനാകുമെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ സ്ത്രീകള്‍ക്ക് അവരുടെ മോഹങ്ങള്‍ സഫലമാക്കാന്‍ തന്റെ യാത്ര ഒരു പ്രചോദനമായി മാറട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *