ന്യൂഡല്‍ഹി: മൂടല്‍മഞ്ഞില്‍ പുതഞ്ഞ് ഉത്തരേന്ത്യ. പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. ചണ്ഡീഗഡ്, വാരണാസി, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ച് വിട്ടു. ഉത്തര്‍പ്രദേശിലും പഞ്ചാബിലും മൂടല്‍മഞ്ഞ് കനത്തതാണ് വിമാനങ്ങള്‍ തിരിച്ചുവിടാന്‍ കാരണമെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഡല്ഹില്ലിയില് അന്തരീക്ഷം തെളിഞ്ഞതാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. രണ്ട് മൂന്ന് മണിക്കൂറോളം മൂടല്‍ മഞ്ഞ് നില്‍ക്കുമെന്നും പിന്നാലെ സാധാരണനില കൈവരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഡല്‍ഹി അന്താരാഷ്ട്രാ വിമാനത്താവളവും പുലര്‍ച്ചെ 4.30 ന് ഫോഗ് അലര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും സമാനമായ രീതിയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. അന്ന് യമുന നഗറിലെ അംബാല – സഹരന്‍പൂര്‍ ഹൈവേയില്‍ ഞായറാഴ്ച 22 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു ഡസനോളം പേര്‍ക്ക് പരുക്കേറ്റു. മൂടല്‍മഞ്ഞ് കാരണം റോഡിലെ ദൃശ്യപരത കുറവായതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ഇന്നലെയും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. നോര്‍ത്തേണ്‍ റെയില്‍വേ 11 ഓളം ട്രെയിന്‍ സര്‍വീസുകള്‍ മൂടല്‍മഞ്ഞ് കാരണം വൈകി ഓടുമെന്ന് ട്വീറ്റ് ചെയ്തു.