കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള (അസാപ്) എന്ന സര്‍ക്കാര്‍ സംരംഭവുമായി സഹകരിച്ച് ‘ഡിപ്ലോമ ഇന്‍ ആയുര്‍വേദ തെറാപ്പി’ എന്ന കോഴ്‌സ് തുടങ്ങുന്നതിനുള്ള ധാരണാപത്രത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. എം. വാരിയര്‍, അസാപ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ഡോ. ഉഷാ ടൈറ്റസ് IAS (Retd.) എന്നിവര്‍ ചേര്‍ന്ന് ഒപ്പുവെച്ചു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സി. ഇ. ഒ. ഡോ. ജി.സി ഗോപാലപിള്ള ആമുഖഭാഷണം നടത്തി. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ അധ്യക്ഷഭാഷണവും അസാപ് മാനേജിംഗ് ഡയരക്ടര്‍ ഡോ. ഉഷാ ടൈറ്റസ് IAS (Retd.) മുഖ്യപ്രഭാഷണവും നടത്തി. ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരന്‍ ആശംസകള്‍ നേര്‍ന്നു. ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ.കെ.വി. രാജഗോപാല്‍ സ്വാഗതവും, സീനിയര്‍ മാനേജര്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രീതാ വാരിയര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മേഴ്‌സി പ്രിയ (ഡിസ്ട്രിക്ട് പ്രോഗാം മാനേജര്‍ അസാപ് കോഴിക്കോട്), ട്രസ്റ്റിമാരായ ഡോ.പി. രാംകുമാര്‍, കെ. ആര്‍. അജയ്, ജോയന്റ് ജനറല്‍ മാനേജര്‍മാരായ ഗ്രൂപ്പ് ക്യാപ്റ്റന്‍ യു. പ്രദീപ്, പി. രാജേന്ദ്രന്‍, വിവിധ വകുപ്പുമേധാവികള്‍, യൂണിയന്‍ പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.