കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും രാജ്യത്തെ രണ്ടാമത്തേതുമായ കലാ കരകൗശല മേളയായ സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള 22 മുതല്‍ ജനുവരി ഒമ്പതുവരെ നടക്കുമെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാനത്തില്‍ ജമീല എം.എല്‍.എയും സര്‍ഗാലയ സി.ഇ.ഒ പി.പി ഭാസ്‌കരനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 22ന് വ്യാഴം വൈകീട്ട് നാല് മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിക്കും. ക്രാഫ്റ്റ് ബസാര്‍ പവലിയന്‍ ജില്ലാ കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഢി ഐ.എ.സും ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് പവലിയന്‍ പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷെഫീക്കും നബാര്‍ഡ് പവലിയന്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ (കേരള) ഗോപകുമാരന്‍ നായര്‍.ജിയും ഉദ്ഘാടനം ചെയ്യും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി ഉപഹാര സമര്‍പ്പണം നടത്തും. രാഷ്ട്രീയ-ഉദ്യോഗസ്ഥ വ്യക്തിത്വങ്ങള്‍ ആശംസകള്‍ നേരും. പി.പി ഭാസ്‌കരന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ രാജേഷ് ടി.കെ നന്ദിയും പറയും.
236 സ്റ്റാളുകളും 26 സംസ്ഥാനങ്ങളിലെ 500ലധികം കരകൗശല വിദഗ്ധരും മേളയുടെ ഭാഗമാകും. സര്‍ഗാലയുടെ 10ാമത് എഡിഷന്‍ കരകൗശല മേളയാണ് ഡിസംബര്‍ 22 മുതല്‍ 2023 ജനുവരി ഒമ്പതു വരെ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയുടേയും മലബാറിന്റെ ടൂറിസം വളര്‍ച്ചക്കും മേള മുതല്‍ക്കൂട്ടാകുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. വിദേശങ്ങളില്‍ നിന്നടക്കം രണ്ട് ലക്ഷത്തിലധികംപേര്‍ മേളക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവിദ്യാഭ്യസ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന പ്രവൃത്തി പരിചയമേളകളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് അന്തര്‍ദേശീയ മേളയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതിലൂടെ അവരുടെ സര്‍ഗശേഷിയെ പരിപോഷിപ്പിക്കാന്‍ വലിയ അവസരമാണ് മേളയെന്ന് സി.ഇ.ഒ പി.പി ഭാസ്‌ക്കരന്‍ പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റ് മിനിസ്ട്രി ഓഫ് ടൂറിസം, മിനിസ്ട്രി ഓഫ് ടെക്‌സ്റ്റൈല്‍സ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ഓഫ് ഹാന്റിക്രാഫ്റ്റ്‌സ്, നബാര്‍ഡ്, കേരള സംസ്ഥാന ടൂറിസം വകുപ്പുകളുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഉസ്ബക്കിസ്ഥാന്‍ പാര്‍ട്ട്ണര്‍ രാജ്യമായി മേളയില്‍ പങ്കെടുക്കും.ബംഗ്ലാദേശ്, ജോര്‍ദാന്‍, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, സിറിയ, താജിക്കിസ്ഥാന്‍, തായ്‌ലാന്‍ഡ്, മൗറീഷ്യസ്, ലെബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കരകൗശല വിദഗ്ധര്‍ മേളയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സര്‍ഗാലയ ജനറല്‍ മാനേജര്‍ ടി.കെ രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജര്‍ എം.ടി സുരേഷ്ബാബു, ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ശിവദാസന്‍ എന്നിവരും സംബന്ധിച്ചു.