ബഫര്‍സോണ്‍: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; സുപ്രീം കോടതിയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യും

ബഫര്‍സോണ്‍: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; സുപ്രീം കോടതിയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യും

  • കോണ്‍ഗ്രസിന്റെ സമരപ്രഖ്യാപന കണ്‍വന്‍ഷനും ഇന്ന്

തിരുവനന്തപുരം: ബഫര്‍ സോണ്‍ ആശങ്ക പരിഹരിക്കാനുള്ള തുടര്‍നടപടിക്കായി ഇന്ന് രണ്ട് യോഗങ്ങള്‍ ചേരും. മുഖ്യമന്ത്രി വൈകീട്ട് മൂന്നിന് വിളിച്ച ഉന്നതതല യോഗത്തില്‍ സുപ്രീം കോടതിയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഫീല്‍ഡ് റിപ്പോര്‍ട്ട് നല്‍കാന്‍ അനുവാദവും തേടും. ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സത്യവാങ്മൂലം നല്‍കാനാണ് നീക്കം. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ പരാതി നല്‍കാനുള്ള സമയ പരിധി നീട്ടാനാണ് ധാരണ.
ഇടുക്കി ജില്ലയിലെ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയിലെ അപാകത കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് തുടങ്ങും. മൂന്നുദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന സര്‍വ്വേ നമ്പറുകള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക. വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, ഡിഎഫ്ഒ നിര്‍ദേശിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തുക. വനാതിര്‍ത്തിയിലെ വില്ലേജുകള്‍, ബഫര്‍ സോണ്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ച വില്ലേജുകള്‍ എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസര്‍മാരോട് ആണ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമരത്തിനും ഇന്ന് തുടക്കമാകും.കോഴിക്കോട് കൂരാച്ചുണ്ടില്‍ വൈകീട്ട് മൂന്നരയ്ക്കാണ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍. പ്രതിഷേധ പരിപാടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കര്‍ഷക സംഘടനകളുടെ പിന്തുണയില്‍ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.
ബഫര്‍ സോണ്‍ വിഷയത്തില്‍ തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിലേക്ക് കടന്നു. ഇന്ന് അമ്പൂരിയില്‍ പ്രതിഷേധം സംഗമം സംഘടിപ്പിക്കും.വൈകീട്ട് അഞ്ചിന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം. ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.കരുതല്‍ മേഖല വനാതിര്‍ത്തിയില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് ആവശ്യം.

Share

Leave a Reply

Your email address will not be published. Required fields are marked *