പാവപ്പെട്ടവര്‍ക്ക് സൗജന്യ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും മറ്റ് ക്ഷേമ പദ്ധതികളുമായി ആസ്റ്റര്‍ മിംസിന്റെ ‘ജീവനം 2023’

പാവപ്പെട്ടവര്‍ക്ക് സൗജന്യ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും മറ്റ് ക്ഷേമ പദ്ധതികളുമായി ആസ്റ്റര്‍ മിംസിന്റെ ‘ജീവനം 2023’

പ്രഖ്യാപനം വൃക്ക ദാനം ചെയ്തവര്‍ക്കും സ്വീകരിച്ചവര്‍ക്കും വേണ്ടി പാലക്കാട് നടന്ന ‘കരുതലായവര്‍ക്ക് കരുതലോടെ’ സംഗമത്തില്‍

പാലക്കാട്: നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമെന്ന് ആസ്റ്റര്‍ മിംസ്. ആയിരം കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചാണ് പ്രഖ്യാപനം. വൃക്ക ദാനം ചെയ്തവര്‍ക്കും അത് സ്വീകരിച്ചവര്‍ക്കും വേണ്ടി പാലക്കാട് നടത്തിയ ‘കരുതലായവര്‍ക്ക് കരുതലോടെ’ പരിപാടിയിലാണ് ഷാഫി പറമ്പില്‍ എം.എല്‍.എ പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചത്.
ഗുരുതര രോഗങ്ങള്‍ ബാധിച്ച നിരവധിയാളുകള്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വേണ്ടി സഹായഭ്യാര്‍ത്ഥന നടത്തുന്നത് നാം മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. ലക്ഷങ്ങള്‍ വില വരുന്ന ഈ സര്‍ജറികള്‍ അവര്‍ക്ക് താങ്ങാനാവുന്നതല്ല. അങ്ങനെയുള്ളവരെ സഹായിക്കാന്‍ വേണ്ടി കുറഞ്ഞ നിരക്കിലും സൗജന്യമായും ചികിത്സ ലഭ്യമാക്കാനുള്ള ആസ്റ്റര്‍ മിംസിന്റെ ശ്രമങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. കോവിഡ് കാലത്തും അതിന് മുന്‍പും സമാനമായ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആസ്റ്റര്‍ മിംസ് പങ്കാളിയായിട്ടുണ്ട്. പാവപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് ജീവനം 2023 തുണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവനം 2023, കൂടെ 2023 എന്നീ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യ സമയത്ത് നടത്തുന്ന അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ രോഗികളുടെ ജീവിതത്തിലും അവരുടെ കുടുംബങ്ങളിലും കൊണ്ടുവരുന്ന ശുഭകരമായ മാറ്റങ്ങള്‍ വലിയ സന്തോഷമുണ്ടാക്കുന്നതാണെന്ന് കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ലുക്മാന്‍ പൊന്മടത്ത് പറഞ്ഞു. അതിന്റെ തുടര്‍ച്ചയാണ് ആസ്റ്റര്‍ മിംസ് ആഗ്രഹിക്കുന്നതെന്നും ജീവനം 2023, കൂടെ 2023 എന്നീ പദ്ധതികള്‍ അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനകത്തും പുറത്ത് നിന്നുമുള്ള നിര്‍ധന കുടുംബങ്ങളിലെ 250 കുട്ടികള്‍ക്ക് അസ്ഥിമജ്ജ മാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള അവയവമാറ്റ ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്തു നല്‍കുന്ന പദ്ധതിയാണ് ‘കൂടെ’ എന്നും അതിന്റെ രണ്ടാം ഘട്ടമാണ് ‘കൂടെ 2023’ എന്നും ആസ്റ്റര്‍ മിംസ്സിലെ ഡെപ്യൂട്ടി സി.എം.എസ് ഡോക്ടര്‍ നൗഫല്‍ ബഷീര്‍ പറഞ്ഞു.

തണല്‍ വടകര, ആസ്റ്റര്‍ വോളന്റിയര്‍മാര്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെയും ആസ്റ്റര്‍ മിംസിന്റെയും ആഗോള കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിങ്ങും സംയുക്തമായാണ് കൂടെ പദ്ധതി നടപ്പാക്കുന്നത്. ‘കരുതലായവര്‍ക്ക് കരുതലോടെ’ സംഗമത്തില്‍ അവയവങ്ങള്‍ ദാനം ചെയ്തവരും സ്വീകരിച്ചവരും അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. വരുംദിവസങ്ങളില്‍ എല്ലാ ജില്ലകളിലും വൃക്കദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കും വേണ്ടി ഇത്തരം സംഗമങ്ങള്‍ സംഘടിപ്പിക്കും. ആസ്റ്റര്‍ മിംസ് കോഴിക്കോട് സി.ഒ.ഒ,ലുക്മാന്‍ പൊന്മാടത്ത്, ആസ്റ്റര്‍ മിംസ് കോഴിക്കോട് ഡെപ്യൂട്ടി സി.എം.എസ് ഡോ. നൗഫല്‍ ബഷീര്‍, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് സീനിയര്‍ സ്‌പെഷ്യലിസ്റ്റ് നേഫ്‌റോളജി ഡോ. സൂരജ് ശശിന്ദ്രന്‍, വൃക്ക ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും കുടുംബങ്ങള്‍ എന്നിവര്‍ക്കൊപ്പം ആസ്റ്റര്‍ മിംസിലെ ഓഫിസ് ജീവനക്കാരും സംഗമത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *