കോഴിക്കോട്: തൊഴില്‍ നിയമങ്ങള്‍ ലഘൂകരിച്ച് തൊഴിലാളികളെ പാര്‍ശ്വവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേയുള്ള പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറിയും മുന്‍ എം.പിയുമായ തമ്പാന്‍ തോമസ് പറഞ്ഞു. പുതിയ നാല് ലേബര്‍ കോഡുകളും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ്. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൊഴിലാളികളും കര്‍ഷകരും യോജിച്ചെടുക്കുന്ന രാഷ്ട്രീയ നിലപാട് നിര്‍ണായകമാകുമെന്നു തമ്പാന്‍ തോമസ് വ്യക്തമാക്കി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ട്രേഡ് യൂണിയനുകള്‍ ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓള്‍ കേരള ആര്‍ട്ടിസാന്‍സ് ആന്‍ഡ് പെയിന്റേര്‍സ് ( AKAPA-HMS ) സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് വി.ടി തോമസ് അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു മുഖ്യപ്രഭാഷണം നടത്തി. എ.കെ പ്രമോദ് , സി.പി ജോണ്‍ , മനോജ് സാരംഗ് , എം.വി തോമസ് മലയന്‍കീഴ് ,ശശികുമാര്‍ സംസാരിച്ചു. നിത്യോപയോഗ സാധനങ്ങളുടെയും , നിര്‍മ്മാണ സാമഗ്രികളുടെയും വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.