ദോഹ: ലൂസൈല്‍സ് സ്‌റ്റേഡിയത്തില്‍ 36 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒരു 35കാരന്റെ നേതൃത്വത്തില്‍ അര്‍ജന്റീന മൂന്നാമത് ലോകകപ്പ് കിരീടം സ്വന്തമാക്കി. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രഞ്ച് പടയ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന വിജയകിരീടം ചൂടിയത്. അവസാന വേള്‍ഡ് കപ്പിനിറങ്ങിയ നായകന്‍ ലയണല്‍ മെസിയെ രാജകീയമായി തന്നെ യാത്രയാക്കാന്‍ അര്‍ജന്റീനന്‍ ടീമിന് കഴിഞ്ഞു. സ്വപ്‌ന സാക്ഷാത്കാരമായിരുന്നു മെസിക്കും അര്‍ജന്റീനന്‍ ടീമിനും ഈ ലോകകപ്പ്. വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ ഓരോ നിമിഷവും നെഞ്ചിടിപ്പോടെയാണ് ആരാധകര്‍ മത്സരം വീക്ഷിച്ചത്. ഒരുഘട്ടത്തില്‍ അര്‍ജന്റീന അനായാസം വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും കിലിയന്‍ എംബാപ്പെയുടെ ഒറ്റയാള്‍ പോരാട്ടം ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഫൈനല്‍ മത്സരത്തില്‍ ഹാട്രിക് നേടിയ എംബാപ്പെക്കാണ് ഗോള്‍ഡന്‍ ബൂട്ട്.
ഫൈനലിലേതടക്കം എട്ട് ഗോളുകളാണ് അദ്ദേഹം ഈ ലോകകപ്പില്‍ നേടിയത്. 1966നു ശേഷം ഫൈനലില്‍ ഹാട്രിക് നേടുന്ന താരമെന്ന റെക്കോര്‍ഡും ഇനി എംബാപ്പേക്ക് സ്വന്തം. 1966ല്‍ വെബ്ലിയില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ജര്‍മനിക്കെതിരേ ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്‌സെറ്റ് ഫൈനലില്‍ ഹാട്രിക് നേടിയിരുന്നു. അര്‍ജന്റീനന്‍ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചത് അവരുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസാണ്. അവസാനത്തെ ഷൂട്ടൗട്ട് ഉള്‍പ്പടെ ആറ് പെനാല്‍ട്ടി കിക്കുകളാണ് ഫൈനലില്‍ മാര്‍ട്ടിനെസിന് നേരിടേണ്ടി വന്നത്. 79ാം മിനിട്ടില്‍ എംബാപ്പെ എടുത്ത കിക്കിന് നേരെ മാര്‍ട്ടിനെസ് ഡൈവ് ചെയ്തങ്കിലും കിക്കിന്റെ പവറുക്കൊണ്ട് മാര്‍ട്ടിനെസിന്റെ കൈകളിലൊതുങ്ങാതെ പന്ത് വയലില്‍ കയറി. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലും മാര്‍ട്ടിനെസിന് എംബാപ്പെയുടെ പെനാല്‍ട്ടി കിക്ക് നേരിടേണ്ടി വന്നു. ഇത്തവണയും തടുക്കാനായില്ല. എന്നാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നിര്‍ണായകമായ കിക്ക് തടഞ്ഞിട്ട മാര്‍ട്ടിനസ് അര്‍ജന്റീനയെ പ്രതിക്ഷയുടെ പരകോടിയിലെത്തിച്ചു. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലൗസും മാര്‍ട്ടിനെസിനാണ്.
2014ല്‍ ജര്‍മനിയോട് ഫൈനലില്‍ പരാജയപ്പെട്ട് കണ്ണീരണിയേണ്ടി വന്ന മെസിക്കും സംഘത്തിനും കാലം കാത്തുവച്ചത് മറ്റൊരവസരത്തില്‍, മറ്റൊരു വേദിയില്‍ അന്ന് നഷ്ടപ്പെട്ട അതേ കനക കിരീടമാണെന്നുള്ളത് മറ്റൊരു കാവ്യനീതിയാണ്. ‘നിങ്ങള്‍ ഒരു കാര്യം അതി തീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാന്‍ വേണ്ടി ഈ പ്രപഞ്ചം മുഴുവനും ഗൂഢാലോചന നടത്തുമെന്ന’ പൗലോ കൊയ്‌ലോയുടെ വാക്കുകള്‍ അക്ഷരംപ്രതി ശരിയാണ് മെസിയുടെ കാര്യത്തില്‍. ഇനി പൂര്‍ണനായി തന്നെ അദ്ദേഹത്തിന് ലോകകപ്പിനോട് വിടപറയാം. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ കളി മറക്കുന്നുവെന്ന ചീത്തപേര് കൂടിയാണ് ഈ ലോകകപ്പിലൂടെ മെസി മായ്ച്ചു കളയുന്നത്. ഫുട്‌ബോള്‍ ദൈവം മറഡോണക്ക് ശേഷം അര്‍ജന്റീനക്ക് വിശ്വം കിരീടം നേടിക്കൊടുത്ത നായകന്‍ എന്ന നിലയില്‍ മെസി ഇനി അനശ്വരനാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിന് ശേഷം കിരീടം നേടിയില്ലെന്ന ചീത്തപേരു കൂടിയാണ് മെസിപ്പട മായ്ച്ചു കളയുന്നത്. കോച്ച് സ്‌കലോണിയുടെ തന്ത്രവും അര്‍ജന്റീനയുടെ വിജയത്തില്‍ നിര്‍ണായകമായി. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മെസി സ്വന്തമാക്കി. മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത് അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസാണ്.