തലശ്ശേരി: എന്തെല്ലാം തടസമുണ്ടായാലും നാടിനും ജനങ്ങള്‍ക്കും ആവശ്യമുള്ള വികസനം നടത്തുക തന്നെ ചെയ്യുമെന്നും അത് നടപ്പാക്കാനുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിന് ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ കൂത്തുപറമ്പ് റോഡിലെ പാനുണ്ട റോഡ് ജംഗ്ഷന്റെ പൂര്‍ത്തീകരിച്ച സൗന്ദര്യവല്‍ക്കരണ പ്രവൃത്തി, ബി.എം – ബി.സി ചെയ്ത് നവീകരിച്ച പാനുണ്ട പൊട്ടന്‍പാറ റോഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകളുടെ വികസനം നാടിന്റെ പുരോഗതിക്ക് വലിയതോതില്‍ സഹായകമാണ്. വിവിധ നിക്ഷേപങ്ങള്‍ വളരണം എന്ന് ആഗ്രഹിക്കുന്നവരാണ് നാം. ഒരു പദ്ധതി സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് യാത്ര സൗകര്യം അനിവാര്യമാണ്. യാത്ര സൗകര്യത്തിന് ബുദ്ധിമുട്ടുള്ളത്‌കൊണ്ടുമാത്രം കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്തിയവരുമുണ്ട്. ഈ സ്ഥിതിക്ക് മാറ്റം വന്നിരിക്കുകയാണ്. ഒരു ലക്ഷം ചെറിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. നിക്ഷേപ സൗഹൃദ സംസ്ഥാനമാകാന്‍ കേരളം സ്വീകരിച്ച നടപടികള്‍ പ്രധാനപെട്ടതാണ്. കേരളത്തിലെ വില്ലേജ് പി.ഡബ്ല്യു.ഡി ദേശീയപാത തുടങ്ങി എല്ലാ റോഡുകളുടെയും യാത്ര സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനത്തിനായി.
ഇതിന്റെ ഭാഗമായി ടൂറിസ്റ്റുകളുടെ വരവും വര്‍ധിച്ചിട്ടുണ്ട്.ഏറ്റവും കൂടുതല്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ കേരളത്തിലേക്കെത്തി. ദേശീയപാത വികസനം കാലതാമസം ഇല്ലാതെ ഓരോ റീച്ചും പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിലവാരമുള്ള റോഡ് പ്രവര്‍ത്തികളില്‍ ഒന്നാണ് ബി.എം ആന്‍ഡ് ബി.സി ടെക്‌നോളജി. ചിലവ് കൂടുതലാണെങ്കിലും പരമാവധി റോഡുകളെ ബി.എം ബി.സി ആക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം. 2026 ഓടുകൂടി 50 ശതമാനം പി.ഡബ്ല്യു.ഡി റോഡുകളും ബി.എം -ബി. സി ആക്കുമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പാനുണ്ട റോഡ് ജംഗ്ഷനില്‍ റോഡിനിരുവശത്തുമായി ഡ്രൈനേജ് , ടൈല്‍ പാകിയ നടപ്പാത, കെര്‍ബ് വാള്‍, ഹാന്‍ഡ് റെയില്‍, ബസ് ഷെല്‍ട്ടര്‍, മിനി സ്റ്റേജ്, ഇന്റര്‍ലോക്ക് പതിക്കല്‍ എന്നിവയാണ് പൂര്‍ത്തിയാക്കിയത്.
പാനുണ്ട – പൊട്ടന്‍പാറ റോഡ് 3.7 കിലോമീറ്റര്‍ നീളത്തിലും 5.50 മീറ്റര്‍ വീതിയിലും ബി.എം – ബി.സി ചെയ്താണ് നവീകരിച്ചത്. 5 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ജഗദീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ധര്‍മ്മടം മണ്ഡലം പ്രതിനിധി പി.ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ കെ രാജീവന്‍ (പിണറായി ), കെ ഗീത (വേങ്ങാട് ), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് അഫ്‌സല്‍, കോങ്കി രവീന്ദ്രന്‍, ചന്ദ്രന്‍ കല്ലാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മുരിക്കോളി പവിത്രന്‍, നിസാര്‍ അഹമ്മദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.പി മോഹനന്‍, ഷിംന പ്രസാദ്, പൊതുമരാമത്ത് വകുപ്പ് ഉത്തര മേഖല സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.ജി വിശ്വപ്രകാശ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീല ചോരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.