കോഴിക്കോട്: മുസ്ലിം പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുസ്ലിം വ്യക്തി നിയമത്തില്‍ സ്ത്രീക്ക് യാതൊരു പ്രശ്‌നമില്ലെന്നും മുസ്ലിം വ്യക്തി നിയമത്തെ പിന്തുണയ്ക്കുന്നുവെന്നുമുള്ള അഫിഡവിറ്റ് സംസ്ഥാന സര്‍ക്കാര്‍ അടുത്തുതന്നെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സ്ത്രീയുടെ തുല്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമെതിരേയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാടിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്ന് നിസ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം പിന്തുടര്‍ച്ചവകാശവുമായി ബന്ധപ്പെട്ട ചില മതപണ്ഡിതരുമായുള്ള ചര്‍ച്ചയൊഴികെ മാറ്റാരുമായും സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടില്ല. സുപ്രീം കോടതിയില്‍ നടക്കുന്ന മുസ്ലിം പിന്തുടര്‍ച്ചാവകാശവ കേസില്‍ നിസ കക്ഷി ചേര്‍ന്നിട്ടുള്ളതാണ്. മുസ്ലിം പിന്തുടര്‍ച്ചാവകാശത്തില്‍ സ്ത്രീക്ക് പുരുഷനു തുല്യമായ അവകാശം വേണമെന്നാണ് നിസ വാദിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് വലിയ മാനമാണ് കാണുന്നത്. ആയതിനാല്‍ സ്ത്രീവരുദ്ധ തീരുമാനങ്ങള്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അറിയിക്കരുതെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ വി.പി സുഹറ, മുംതാസ് ടി.എം, സുല്‍ഫത്ത്.എം, സഫിയ പി.എം എന്നിവര്‍ സംബന്ധിച്ചു.