കതിരൂര്‍ : ബാങ്കിങ്ങ് മേഖലയ്ക്കുമപ്പുറം നൂതനാശയങ്ങളുടേയും കര്‍മ്മസാഫല്യങ്ങളുടേയും മാതൃകകള്‍ തീര്‍ത്ത കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഒരു നാടിനെയാകെ ജൈവ കാര്‍ഷിക സംസ്‌കൃതിയിലേക്ക് നയിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചു. ആദ്യഘട്ടത്തില്‍ ബാങ്ക് പരിധിയിലെ 1500 കുടുംബങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ബങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ പറഞ്ഞു. കൃഷിയിടമില്ലാത്ത കര്‍ഷകരെയടക്കം ഉദ്ദേശിച്ചാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ‘വിഷ രഹിത പച്ചക്കറികള്‍ സ്വന്തം വീട്ടില്‍ തന്നെ ‘ എന്ന ആശയമുയര്‍ത്തി പ്രാവര്‍ത്തികമാക്കുന്ന പദ്ധതിക്കായി ഓരോ വിട്ടുകാര്‍ക്കും പതിനായിരം രൂപ വീതം പലിശരഹിത വായ്പ നല്‍കും. മണ്ണ് നിറച്ച ചട്ടികളില്‍ പലതരം പച്ചക്കറികള്‍ ഒരുക്കി നല്‍കും. വെണ്ട, വഴുതിന പയര്‍, ചീര, പച്ചമുളക്, കക്കിരി, തക്കാളി എന്നിവയടങ്ങിയ മണ്‍ചട്ടികളാണ് വീടുകളിലെത്തുക.
ബാങ്കിന്റെ കീഴിലുള്ള വിവിധ കര്‍ഷക ഗ്രൂപ്പുകളിലൊന്നായ കൂടംപൊയില്‍ പ്രവാസി തളിര്‍ കര്‍ഷക ഗ്രൂപ്പാണ് പച്ചക്കറി കിറ്റുകള്‍ സജ്ജമാക്കുന്നത്. ഇതോടൊപ്പം ബാങ്ക് പരിധിക്കുള്ളില്‍ ഒരു തരി പോലും മണ്ണ് തരിശായി കിടക്കാന്‍ പാടില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ ജനപങ്കാളിത്തത്തോടെ വ്യാപകമായി മഞ്ഞള്‍ കൃഷി നടത്തി സമ്പൂര്‍ണ്ണ മഞ്ഞള്‍ കൃഷി ഗ്രാമമാക്കി മാറ്റാനും ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്. തരിശ് നിലങ്ങളില്‍ കൃഷി ചെയ്യാനുള്ള മഞ്ഞള്‍ വിത്തുകള്‍ പകുതി വിലയ്ക്ക് ലഭ്യമാക്കും. കൃഷി ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് ബാങ്ക് സമാഹരിക്കുകയും ബാങ്കിന്റെ ബ്രാന്റില്‍ തന്നെ കലര്‍പ്പില്ലാത്ത തനി നാടന്‍ മഞ്ഞള്‍ പൊടിയാക്കി വിപണിയിലിറക്കാനും തീരുമാനിച്ചിരിക്കുന്നതായി ശ്രീജിത്ത് ചോയന്‍ പറഞ്ഞു.