കണ്ണൂര്‍: തൊഴില്‍രംഗത്ത് വന്‍ സാധ്യതകളുള്ള അറബി ഭാഷാ പഠനം ത്വരിതപ്പെടുത്താന്‍ വേണ്ടി കേരളത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഒരു അറബിക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അറബിക് അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര അറബിഭാഷാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇടത് പക്ഷ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും കേരളത്തില്‍ അറബി സര്‍വ്വകലാശാലയുടെ ആവശ്യം അംഗീകരിച്ചതാണ്. പാലോളി കമ്മിറ്റി ശുപാര്‍ശകളിലും അറബിക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഗള്‍ഫിലെ തൊഴില്‍ സാധ്യതകള്‍ മനസ്സിലാക്കി പുതിയ ന്യൂജെന്‍ കോഴ്‌സുകള്‍ തുടങ്ങാന്‍ ഈ യൂണിവേഴ്‌സിറ്റിക്ക് സാധിക്കും. കേരളത്തില്‍ സ്‌കൂളുകളിലും കോളേജുകളിലുമായി പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ അറബി പഠിക്കുന്നുണ്ട്. ഐക്യരാട്ര സഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നായ അറബി ഭാഷക്ക് ഇവിടെ ഇനിയും വളരാന്‍ അവസരം ലഭിക്കണമെങ്കില്‍ അറബിക് യൂണിവേഴ്‌സിറ്റി കൂടിയ തീരൂ. അദ്ദേഹം പ്രസ്താവിച്ചു .