അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയ്‌ക്കെടുത്തില്ല; പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയ്‌ക്കെടുത്തില്ല; പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: തവാങ്ങിലുണ്ടായ ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തെ ചൊല്ലി ഇന്നും പാര്‍ലമെന്റില്‍ ബഹളം. തങ്ങളുന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് അംഗങ്ങളാണ് സഭ വിട്ട് ഇറങ്ങിപ്പോയത്. പ്രതിപക്ഷത്തുനിന്ന് ഇന്ന് വിഷയം ഉന്നയിച്ച് രാജ്യസഭയില്‍ മനീഷ് തിവാരിയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞാണ് രാജ്യസഭാധ്യക്ഷന്‍ നോട്ടീസ് തള്ളിയത്.
തങ്ങളുന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് എടുക്കാതെ വന്നതോടെയാണ് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയത്. സഭ തടസപ്പെടുത്തുന്നതിനെ രാജ്യസഭാ അധ്യക്ഷന്‍ വിമര്‍ശിച്ചു. ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കേണ്ട സമയമാണ് നഷ്ടമാകുന്നതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു. സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ വിഷയം ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയില്ല. ലോക്‌സഭയിലും അതിര്‍ത്തി സംഘര്‍ഷ വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്റെ അവതരണം സ്പീക്കര്‍ നിരാകരിച്ചു.

ഒരു ഘട്ടത്തില്‍ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അദ്ദേഹം ഇരിക്കുന്ന പദവിയുടെ അന്തസ് കളയരുതെന്ന വാദവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രംഗത്ത് വന്നു. കോണ്‍ഗ്രസ് കാലത്തെ അതിര്‍ത്തി സംഘര്‍ഷങ്ങളുന്നയിച്ചാണ് ഇദ്ദേഹം പ്രതിപക്ഷത്തിന്റെ വാദങ്ങളെ എതിര്‍ത്തത്. 2012 ല്‍ കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ് ചൈനയുടെ കടന്ന് കയറ്റത്തെ കുറിച്ച് നടത്തിയ പ്രസ്താവന പീയുഷ് ഗോയല്‍ വായിച്ചു. കോണ്‍ഗ്രസിന്റെ കാലത്ത് ചൈനയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *