സംസ്ഥാനത്ത് മദ്യവില വര്‍ധനവ് പ്രാബല്യത്തില്‍

സംസ്ഥാനത്ത് മദ്യവില വര്‍ധനവ് പ്രാബല്യത്തില്‍

തിരുവനന്തപുരം: മദ്യവില വര്‍ധനവ് സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രബല്യത്തില്‍. മദ്യത്തിന്റെ വില്‍പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് ഇത്. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ പാസാക്കിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ പൊതുവില്‍പ്പന നികുതി ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടം നികത്താനാണ് വില കൂട്ടുന്നത്. നാല് ശതമാനം നികുതിയാണ് വര്‍ധിപ്പിക്കുന്നത്. അതേസമയം മദ്യവിലയില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

പൊതു വില്‍പ്പന നികുതി നാല് ശതമാനം മാത്രമാണ് വര്‍ധിപ്പിക്കുന്നത്. ഒമ്പത് ബ്രാന്‍ഡുകള്‍ക്ക് വില കൂടും. ഇതില്‍ എട്ട് ബ്രാന്‍ഡുകള്‍ക്ക് 10 രൂപയും ഒരു ബ്രാന്‍ഡിന് 20 രൂപയുമാണ് വര്‍ധിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സര്‍ക്കാരിന്റെ മദ്യം ജവാനാണ്. ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആണ് ഇന്ന് മുതല്‍ ഈടാക്കുക. മദ്യത്തോടൊപ്പം ബിയറിനും വൈനിനും രണ്ട് ശതമാനം വില്‍പ്പന നികുതി വര്‍ധിക്കും.

നേരത്തെ മദ്യവില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തീരുമാനം അശാസ്ത്രീയമാണെന്നും വന്‍കിട മദ്യ കമ്പനികള്‍ക്ക് വേണ്ടി സി.പി.എം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപണം ഉന്നയിച്ചിരുന്നു. മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതുമാണ്. മദ്യവില അമിതമായി വര്‍ധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിച്ച് വിടുമെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ കാണാതിരിക്കരുത്. ലഹരിവിരുദ്ധ കാംപയിന്‍ നടത്തുന്ന സര്‍ക്കാര്‍ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിമരുന്നിടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *