മാഹി: ലോക ഫുട്ബാള്‍ മത്സരത്തില്‍ ഫ്രഞ്ച് ടീം കരുത്ത് കാട്ടുകയും ആവേശത്തിരയിളക്കുകയും ചെയ്തപ്പോള്‍, കടലിനിപ്പുറം പഴയ ഫ്രഞ്ച് കോളനിയായ മാഹിയിലും ആവേശത്തിന്റെ അലയൊലികളുയര്‍ന്നു. ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും മയ്യഴിയിലെങ്ങും ഉയര്‍ന്നിട്ടുണ്ട്. ദശകങ്ങളായി ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ തുടര്‍ച്ചയായി നടത്തി വരുന്ന മയ്യഴിയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കുട്ടികളുടെ ഫുട്ബാള്‍ പരിശീലനക്കളരി വര്‍ഷങ്ങളായി മുടക്കമില്ലാതെ നടത്തി വരികയുമാണ്. ഒട്ടേറെ ദേശീയ താരങ്ങളേയും ഈ മൈതാനം സംഭാവന ചെയ്തിട്ടുമുണ്ട്. ഇവിടെ ഫുട്ബാള്‍ ആവേശം തലമുറകളിലൂടെ പുതുതലമുറക്ക് പകര്‍ന്നു കിട്ടിയതാണ്. മയ്യഴി മൈതാനിയായ പ്ലാസ് ദ് ആംസ് ഗ്രൗണ്ടില്‍ ഫുട്ബാള്‍ കളിക്ക് ഫ്രഞ്ചു ഭരണകാലത്ത് ഏറെ പ്രോത്സാഹനം നല്‍കപ്പെട്ടിരുന്നു. 233 വര്‍ഷക്കാലം ഫ്രഞ്ച് ഭരണത്തിലായിരുന്ന മയ്യഴിയില്‍ ഇന്നും ഫ്രഞ്ചുകാരുടെ ഹരമായിരുന്ന ഫുട്ബാളിനോട് വല്ലാത്തൊരു ആവേശമാണ്. മാഹി ടൗണില്‍ വ്യാപകമായി ഫ്രഞ്ച് ഭാഷയില്‍ അഭിവാദ്യം ചെയ്തുള്ള ഫ്രഞ്ചനുകൂല ബാനറുകളും കട്ടൗട്ടുകളും ഇടം പിടിച്ചിരിക്കുകയാണ്.