കെ.സി.ബി.സിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്, സമരത്തില്‍ നിന്ന് പിന്മാറണം: വനം മന്ത്രി എ.കെ ശശീന്ദ്രന്‍

കെ.സി.ബി.സിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്, സമരത്തില്‍ നിന്ന് പിന്മാറണം: വനം മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ കെ.സി.ബി.സി സമരം ദൗര്‍ഭാഗ്യകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. സമരത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ തയ്യാറാകണം. കെ.സി.ബി.സിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്. സര്‍ക്കാരുമായി സഹകരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ സമരങ്ങള്‍ക്ക് മത മേലധ്യക്ഷന്മാര്‍ കൂട്ടുനില്‍ക്കരുത്. ജോസ് കെ. മാണി ഉയര്‍ത്തിയ ആവശ്യം അംഗീകരിച്ചതാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരം തുടങ്ങാന്‍ ഒരുങ്ങുകയാണ് കെ.സി.ബി.സി. സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്ക സഭാ നേതൃത്വം വ്യക്തമാക്കുന്നു. അതേസമയം ബഫര്‍സോണ്‍ വിദഗ്ധസമിതിയുടെ കാലാവധി നീട്ടും. ഈ കാര്യത്തില്‍ വനം മന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.

താരമശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ മറ്റന്നാള്‍ ജനജാഗ്രത യാത്ര നടത്തും. പരിസ്ഥിതി ലോല മേഖല ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ സ്ഥല പരിശോധന അടക്കം നടത്തി ബഫര്‍ സോണിലെ ആശങ്ക പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അശാസ്ത്രീയമായ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന, ഇപ്പോഴത്തെ നടപടിക്രമങ്ങളില്‍ സഭാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രത്യക്ഷ സമരം തന്നെ തുടങ്ങാനാണ് തീരുമാനം. സഭാ നിലപാട് വ്യക്തമാക്കുന്ന ഇടയലേഖനം അടുത്ത ദിവസങ്ങളില്‍, പള്ളികളില്‍ വായിക്കും.

കെ.സി.ബി.സി നേതൃത്വം നല്‍കുന്ന കേരള കര്‍ഷക അതിജീവന സംയുക്ത സമിതി കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ തിങ്കളാഴ്ച ജനജാഗ്രത യാത്ര നടത്തും. ബഫര്‍ സോണില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന കക്കയം, ചെമ്പനോട, ചക്കിട്ടപ്പാറ തുടങ്ങിയ മേഖലകളിലൂടെയാണ് യാത്രകള്‍ കടന്നുപോകുന്നത്. താമരശ്ശേരി രൂപത അധ്യക്ഷന്‍ തന്നെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *