ആഘോഷ പരിപാടികള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ ക്ലീന്‍ കാലിക്കറ്റ് പദ്ധതി
കോഴിക്കോട്: കേരള സ്‌കൂള്‍ കലോത്സവം പരിസ്ഥിതി സൗഹൃദമാക്കാനുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ ക്ലീന്‍ കാലിക്കറ്റ് പ്രോജക്ടിനു നാന്ദി കുറിച്ചുകൊണ്ട് തീം വീഡിയോ റിലീസ് ചെയ്തു. മാനാഞ്ചിറയ്ക്ക് സമീപം കലോത്സവം സ്വാഗത സംഘം ഓഫീസില്‍ മേയര്‍ ഡോ.ബീന ഫിലിപ്പാണ് വീഡിയോ റിലീസ് ചെയ്തത്. അടുത്ത ഘട്ടത്തില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഹരിത പ്രോട്ടോക്കോള്‍ പ്രാവര്‍ത്തികമാക്കാനുള്ള പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കലോത്സവ വേദികളില്‍ ഹരിത പ്രോട്ടോക്കോള്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കും. ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, നാഷണല്‍ ഗ്രീന്‍ കോര്‍പ്‌സ്, രക്ഷാകര്‍തൃ സമിതികള്‍, മദര്‍ പി.ടി.എ , കുടുംബശ്രീ, ഹരിത സേന , വ്യാപാരി വ്യവസായ സമിതി, വ്യാപാരി വ്യവസായ ഏകോപന സമിതി എന്നിവയുടെ സഹകരണത്തോടുകൂടി ക്ലീന്‍ കാലിക്കറ്റ് പ്രോജക്ട് ജനകീയ വിജയമാക്കും. ആഘോഷ പരിപാടികള്‍ പരിസ്ഥിതി സൗഹ്യദമാക്കുന്നതിനുള്ള അവബോധം വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കാനുള്ള അവസരമായി കലോത്സവദിനങ്ങള്‍ മാറും. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ജയശ്രീ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എം.രാധാകൃഷ്ണന്‍ മാസ്റ്റര്‍ , അഡ്വ.എം രാജന്‍, ഡോ.ജോഷി ആന്റണി, വരുണ്‍ ഭാസ്‌കര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ധനേഷ്, കണ്‍വീനര്‍ കെ.കെ ശ്രീജേഷ് കുമാര്‍, കൃപാ വാര്യര്‍, പ്രമേദ് കുമാര്‍, പ്രിയ, പി.ടോമി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.