തലശ്ശേരി: റബ്‌കോ പോലുള്ള രാജ്യത്തെ മാതൃകാപരമായ സഹകരണവ്യവസായ സ്ഥാപനങ്ങളെ സഹായിക്കാന്‍ ദേശീയ റബ്ബര്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്നും റബ്ബര്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, റബ്ബര്‍ ബോര്‍ഡ് ദേശീയ ചെയര്‍മാന്‍ ഡോ.സവാര്‍ ധനാനിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റബ്ബര്‍ കര്‍ഷകര്‍ക്ക് ദോഷം ചെയ്യുന്ന വിധത്തിലുള്ള ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും, പ്ലാന്റേഷന് ആവശ്യമായ ധനസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മികച്ച ഉല്‍പ്പന്നങ്ങളാണ് റബ്‌കോ വിപണിയിലെത്തിക്കുന്നതെന്നും ഉല്‍പ്പന്ന വില കുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
റബ്‌കോ ഫാക്ടറിയിലുണ്ടാവുന്ന വേസ്റ്റ് ഫൈബറാക്കി മാറ്റാന്‍ 400 കോടി രൂപ ചിലവിലുള്ള നൂതനമായ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് റബ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ കാരായി രാജന്‍ പറഞ്ഞു. അനെര്‍ട്ട് റബ്‌കോ പദ്ധതി പ്രകാരം ചോനാടം ഫാക്ടറിയില്‍ റബ്ബര്‍ തടി സംസ്‌ക്കരണ സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 6.30ന് സ്പീക്കര്‍ അഡ്വ. എ.എന്‍.ഷംസീറിന്റെ അധ്യക്ഷതയില്‍ മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് റബ്‌കോ ചെയര്‍മാന്‍ പറഞ്ഞു.
റിന്യൂവബിള്‍ എനര്‍ജി സേവനദാതാക്കള്‍ മുഖേന പൊതുമേഖല – സഹകരണ സ്ഥാപനങ്ങളില്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും ഒരു നിശ്ചിത നിരക്കില്‍ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കുകയും ചെയ്യുന്ന ‘റെസ്‌ക്കോ മോഡല്‍’ അനെര്‍ട്ട് പദ്ധതിയുടെ ഭാഗമായി ആദ്യം നടപ്പിലാക്കാന്‍ മുന്നോട്ട് വന്ന സ്ഥാപനമാണ് റബ്‌കോ. ഈ പ്ലാന്റ് സ്ഥാപിക്കാന്‍ അനര്‍ട്ട് ഒരു കോടി എണ്‍പത് ലക്ഷത്തോളം രൂപയാണ് ചിലവഴിച്ചത്. പ്രതിമാസം ഈ പ്ലാന്റില്‍ നിന്ന് 42000 യൂണിറ്റ് വൈദ്യുതി ലഭ്യമാകും. ഒരു യൂണിറ്റിന് അഞ്ച് രൂപ 90 പൈസയാണ് അനെര്‍ട്ട് റബ്‌കോവില്‍ നിന്ന് ഈടാക്കുന്നത്. ആറര വര്‍ഷക്കാലം കൊണ്ട് അനെര്‍ട്ട് മുടക്കിയ തുക തിരിച്ച് ലഭിക്കുന്നതോടെ ഈ സൗരോര്‍ജ പ്ലാന്റ് റബ്‌കോവിന് സ്വന്തമാകും. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയരക്ടര്‍ ടി.വി ഹരിദാസ്, ഫാക്ടറി മാനേജര്‍ ശ്രീജേഷ്, ഡയരക്ടര്‍ എം.പ്രസന്ന ടീച്ചര്‍ എന്നിവരും സംബന്ധിച്ചു.