മലേഷ്യയില്‍ മണ്ണിടിച്ചില്‍; 12 പേര്‍ മരണപ്പെട്ടു, 60 പേരെ രക്ഷപ്പെടുത്തി

മലേഷ്യയില്‍ മണ്ണിടിച്ചില്‍; 12 പേര്‍ മരണപ്പെട്ടു, 60 പേരെ രക്ഷപ്പെടുത്തി

  • 20 പേരെ കാണാതായി

ക്വാലാലംപൂര്‍: മലേഷ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 12 പേര്‍ മരിക്കുകയും നിരവധി പേരെ കണാതാവുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ക്വാലാലംപൂരിന് സമീപത്തുള്ള സെലങ്കോറിലുള്ള ക്യാംപ് സൈറ്റിലാണ് മണ്ണിടിച്ചിലുണ്ടായത്.
ക്യാംപില്‍ അപകടസമയത്ത് 100 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട 60 പേരെ രക്ഷിക്കാനായി. രക്ഷപ്പെടുത്തിയവരില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും രണ്ടു പേര്‍ മരിക്കുകയും ചെയ്തതായി മലേഷ്യന്‍ ന്യൂസ് ഏജന്‍സിയായ ബനര്‍മ റിപ്പോര്‍ട്ട് ചെയ്തു. ക്യാംപിന്റെ 30 അടി ഉയരത്തില്‍ നിന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഏകദേശം ഒരു ഏക്കര്‍ സ്ഥലം മണ്ണിനടിയിലായെന്ന് ദുരന്ത നിവാരണ സേന വ്യക്തമാക്കി. പ്രദേശത്ത് മഴയുണ്ടായിരുന്നെങ്കിലും അതിശക്തമായ മഴയോ ഭൂചലനമോ അനുഭവപ്പെട്ടിരുന്നില്ല.
പരുക്കേറ്റവരെയും രക്ഷപ്പെടുത്തിയവരെയും മെഡിക്കല്‍ പരിശോധനക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണപ്പെട്ടവരില്‍ ഒരു സ്ത്രീയും രണ്ടു കുട്ടികളും ഉള്‍പ്പെടുമെന്ന് സെലങ്കോര്‍ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇനിയും ആളുകളെ രക്ഷപ്പെടുത്താനുണ്ടെന്നും ചിലപ്പോള്‍ മരണനിരക്ക് ഉയരാന്‍സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *