ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് 22 മുതല്‍ ജനുവരി ഒന്ന് വരെ നടത്തുന്ന ന്യൂമാഹി ഫെസ്റ്റ് -2022ന്റെ ഭാഗമായി ഒരുക്കിയ ബോട്ട് സവാരി ഇന്ന് തുടങ്ങും. ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ ബോട്ട് ജെട്ടിയില്‍ നിന്നാണ് ബോട്ട് സവാരി തുടങ്ങുന്നത്. ഫെസ്റ്റ് അവസാനിക്കുന്ന 31 വരെ ബോട്ട് സവാരിയുണ്ടാവും. ഇതിനായുള്ള ബോട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന ശിക്കാര അരമണിക്കൂര്‍ ഉല്ലാസയാത്രയ്ക്ക് ഒരാള്‍ക്ക് 100 രൂപയാണ് നിരക്ക്. സ്പീഡ് ബോട്ടിലെ യാത്രക്കും ഒരാള്‍ക്ക് 100 രൂപ നല്‍കണം. ഇന്ന് വൈകുന്നേരം നാലിന് തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാറാണി ബോട്ടിങ്ങ് ഉദ്ഘാടനം ചെയ്യും. ന്യൂമാഹി ഫെസ്റ്റ് 22ന് വൈകുന്നേരം സിനിമാ താരം പത്മപ്രിയ ഉദ്ഘാടനം ചെയ്യും. 22, 24, 31, ജനവരി ഒന്ന് എന്നീ നാല് ദിവസങ്ങളിലും മെഗാഷോകള്‍ നടക്കും. മറ്റ് ദിവസങ്ങളില്‍ പ്രാദേശിക കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. പരിപാടിയുടെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഉണ്ടാകുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ടി.എച്ച്.അസ്ലം, പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് അര്‍ജുന്‍ പവിത്രന്‍, കെ.ജയപ്രകാശന്‍, സി.ഡി.എസ്. അധ്യക്ഷ കെ.പി.ലീല, ജനപ്രതിനിധികള്‍, സംഘാടക സമിതി ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു.