കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിക്കുന്നു: സജീവ് ജോസഫ് എം.എല്‍.എ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിക്കുന്നു: സജീവ് ജോസഫ് എം.എല്‍.എ

തലശ്ശേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സജീവ് ജോസഫ് എം.എല്‍.എ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയും മയക്കുമരുന്നു മാഫിയക്കെതിരേയും തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് എം. പി അരവിന്ദാക്ഷന്‍ നയിക്കുന്ന വാഹന പ്രചരണ ജാഥ പൊന്ന്യം പാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ഹരിദാസ് അധ്യക്ഷത വഹിച്ചു. എം.എല്‍.എ, ജാഥലീഡര്‍ എം.പി അരവിന്ദാക്ഷന് പതാക കൈമാറി. ബി.ജെ.പിക്കും നരേന്ദ്രമോദിക്കുമെതിരേ പ്രസംഗിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ എല്ലാ നയ സമീപനങ്ങളും പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് ഏകാധിപത്യത്തിന്റെയും സര്‍വ്വാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും സമീപനങ്ങളാണ്. കേന്ദ്രം ഭരിക്കുന്ന മോദിയും കേരളം ഭരിക്കുന്ന പിണറായി വിജയനും അതിനുവേണ്ടിയുള്ള പരസ്പര മത്സരത്തിലാണ്. ഇവര്‍ രണ്ടുകൂട്ടരും ജനങ്ങളെ വഞ്ചിക്കുകയാണ് യാഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

സി.പി.എമ്മിനെതിരേ ബി.ജെ.പിയുടെ നേതാക്കന്‍മാര്‍ സംസാരിക്കുമ്പോഴും കുഴല്‍പ്പണ, കള്ളക്കടത്തുകേസുകളില്‍ പരസ്പരം സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിലെ സി.പി.എം ഗവണ്‍മെന്റും കേന്ദ്രത്തിലെ ബി.ജെ.പി ഗവണ്‍മെന്റും സ്വീകരിച്ചുവരുന്നത്. ഈ ജനവിരുദ്ധ നിലപാടുകളെ തുറന്നുകാട്ടാനാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. കേരളത്തില്‍ പൂര്‍ണമായും പരാജയപ്പെട്ട സംഭരണമായി നാളികേര സംഭരണം മാറി. സര്‍വ്വ മേഖലകളിലും ഒരു സര്‍ക്കാര്‍ എങ്ങനെ പരാജപ്പെടുമെന്ന ഗവേഷണമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിവരുന്നത്.

കേന്ദ്രത്തില്‍ ബി.ജെ. പി സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയും മുതലാളിമാര്‍ക്കുവേണ്ടിയും ഭരിക്കുന്ന ഭരണകൂടമായി മാറിയിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടി മാറിയിരിക്കുന്നതാണ് യാഥാര്‍ത്ഥ്യമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സജ്ജീവ് മാറോളി, വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി. സുരേന്ദ്രന്‍ മാസ്റ്റര്‍, അഡ്വ. സി. ടി സജിത്ത്, ഒ. ഹരിദാസന്‍, എ. വി രാമദാസന്‍, എ. പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു. എ. ഷര്‍മ്മിള സംബന്ധിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഹരിദാസ് മൊകേരി, പി. ജനാര്‍ദ്ദനന്‍, അഡ്വ. കെ. സി രഘുനാഥ്, മണ്ണയാട് ബാലകൃഷ്ണന്‍, എ. ആര്‍ ചിന്മയ് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *