കോഴിക്കോട്: രാജ്യത്ത് രാഷ്ട്രീയ വിഷയങ്ങളുണ്ടാകുമ്പോള്‍ പെട്ടെന്ന് പ്രതികരിച്ചിരുന്ന നേതാവായിരുന്നു അരങ്ങില്‍ ശ്രീധരനെന്ന് മുന്‍മന്ത്രി സി.കെ നാണു പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹമായിരുന്നു ഇതിന് കാരണം. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് മലബാറില്‍ പ്രത്യേകിച്ച് വടകരയില്‍ വന്‍ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. കുടുംബപരമായി വലിയ ഭൂസ്വത്ത് ലഭിക്കാനുണ്ടായ സാഹചര്യമുണ്ടായപ്പോഴും അതെല്ലാം നിരസിച്ചു. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഫോണ്‍ബില്‍ കുടിശ്ശികയായി. ദേശീയ രാഷ്ട്രീയത്തിലടക്കം തിളങ്ങി നിന്നപ്പോഴും രാഷ്ട്രീയംകൊണ്ട് അഞ്ച് നയാപൈസ സമ്പാദിക്കാത്ത നേതാവായിരുന്നു അദ്ദേഹം. സാധാരണക്കാരെ പേരെടുത്ത് വിളിക്കുകയും പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. അരങ്ങില്‍ ശ്രീധരന്‍- ഗാന്ധിയന്‍ സോഷ്യലിസ്റ്റ് പഠനകേന്ദ്രം സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.ടി ആസാദ് അധ്യക്ഷത വഹിച്ചു. ടി.പി ദാസന്‍, ടി.വി ബാലന്‍, വി. കുഞ്ഞാലി, ബാലഗോപാല്‍, കെ.പി അബൂബക്കര്‍, ആര്‍. ജയന്ത്കുമാര്‍, അഡ്വ. എ.കെ ജയകുമാര്‍, അസീസ് മണലൊടി, ബീരാന്‍കുട്ടി കളത്തിങ്കല്‍ പ്രസംഗിച്ചു.