പി.ടി നിസാര്‍
കോഴിക്കോട്: പലതരം ബിസിനസ്, പലരാജ്യങ്ങളില്‍ ചെയ്തിട്ടുണ്ടെങ്കിലും ജനിച്ചു വളര്‍ന്ന നാട്ടില്‍ മാനുഫാക്ചറിങ് യൂണിറ്റ് നിര്‍മിക്കുകയും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രോഡക്ട് മാര്‍ക്കറ്റിലിറക്കി കേരളീയര്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചുവെന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ക്രേസ് ബിസ്‌കറ്റ് കമ്പനി സി.എം.ഡി അബ്ദുല്‍ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു. ബിസിനസ് ആവശ്യാര്‍ഥം വിദേശ രാജ്യങ്ങളിലെ ഫാക്ടറികള്‍ സന്ദര്‍ശിക്കാറുണ്ട്. ഈ സമയത്ത് മനസ്സിലുയര്‍ന്ന ചോദ്യമായിരുന്നു എന്തുക്കൊണ്ട് കേരളത്തില്‍ പറ്റില്ല? നമ്മെെളക്കാളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും മികച്ച ഫാക്ടറികള്‍ കണ്ടിട്ടുണ്ട്. കേരളത്തില്‍ ബിസിനസ് ആരംഭിക്കാന്‍ തീരുമാനിച്ച സമയത്ത് പലരും കേരളത്തില്‍ പറ്റില്ലെന്നാണ് പറഞ്ഞത്. കിനാലൂരിവല്‍ സ്ഥാപിച്ച ഫാക്ടറി തമിഴ്‌നാട്ടിലോ, കര്‍ണാടകത്തിലോ, ഹൈദരാബാദിലോ സ്ഥാപിച്ചാല്‍ എനിക്ക് ഇതിനേക്കാള്‍ പ്രോഫിറ്റ് കിട്ടും. ഹൈദരാബാദാണ് ബിസ്‌കറ്റ് ബിസിനസ് വ്യവസായത്തിന്റെ രാജ്യത്തെ പ്രധാന കേന്ദ്രം. അവിടെനിന്ന് വേണമെങ്കില്‍ ക്രേസ് ബ്രാന്റില്‍ എനിക്ക് ബിസ്‌കറ്റ് നിര്‍മിച്ച് തരാനും ആളുണ്ടായിരുന്നു.
എന്നാല്‍ പിറന്ന നാട്ടില്‍ ഒരു വ്യവസായ സംരംഭം സ്ഥാപിക്കുക എന്ന അഭിലാഷമാണ് 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കിനാലൂരില്‍ ഉദ്ഘാടനം ചെയ്യുന്ന ക്രേസ് ഫാക്ടറിയെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നാട്ടില്‍ വ്യവസായം വളരാന്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോര. നമ്മള്‍ മുന്നിട്ടിറങ്ങണം. കേരളീയര്‍ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കേണ്ട അവസ്ഥയാണുള്ളത്. ഇത് മാറണം. സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപിടിക്കാന്‍ തയാറായാല്‍ ഇതിന് മാറ്റമുണ്ടാകും. കിനാലൂരിലെ ഫാക്ടറിയില്‍ നിരവധി സ്ത്രീകള്‍ക്ക് ജോലി കിട്ടി. കുടുംബങ്ങളില്‍ പുരുഷന്‍മാര്‍ മാത്രം ജോലി ചെയ്ത് കിട്ടുന്ന ലിമിറ്റ് വരുമാനമാണുള്ളത്. ഈ സംരംഭത്തോടെ ഒരു അഡീഷണല്‍ വരുമാനം കുടുംബത്തിലേക്കെത്തും. ആ കുടുംബം ഉയര്‍ച്ചയിലേക്കെത്തും. നിലവില്‍ 200 ഓളം പേര്‍ക്കാണ് ഇപ്പോള്‍ ജോലി ലഭിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് കൂടിയാകുമ്പോള്‍ 500 പേര്‍ക്ക് പ്രത്യക്ഷത്തിലും ആയിരക്കണക്കിന് പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും.
കേരളത്തെ വളര്‍ത്താന്‍ നമ്മള്‍ എല്ലാവരും ശ്രമിക്കണം. ക്രേസ് ബിസ്‌കറ്റ് കേരളത്തില്‍ നിന്ന് വളര്‍ന്ന് ലോകം മുഴുവന്‍ കീഴടക്കാന്‍ എല്ലാവരും പിന്തുണയ്ക്കണമെന്നദ്ദേഹം അഭ്യര്‍ഥിച്ചു. സംരംഭവുമായി മുന്നോട്ട് വന്നപ്പോള്‍ ഗവണ്‍മെന്റും വ്യവസായ വകുപ്പും വിശിഷ്യാ മന്ത്രി പി.രാജീവും മുഖ്യമന്ത്രിയുടെ ഓഫിസുമെല്ലാം നിറഞ്ഞ പിന്തുണയാണ് നല്‍കിയത്. ഇലക്ട്രിസിറ്റി സംബന്ധമായ കാര്യങ്ങള്‍, ലൈസന്‍സുകള്‍ വേഗം ലഭ്യമാകാന്‍ സഹായിച്ചു. ഞായറാഴ്ച അവധി ദിവസങ്ങളില്‍ പോലും ഇന്‍സ്‌പെക്ഷനടക്കം നടത്തിയാണ് പിന്തുണ നല്‍കിയത്. സര്‍ക്കാരിന്റെ നല്ല കഴ്ചപ്പാടിന് കടപ്പാടും അഭിനന്ദനവും അദ്ദേഹം അറിയിച്ചു. ഭാവിയിലും കേരളത്തിന്റെ അഭിവൃദ്ധിക്കായി സേവനമനുഷ്ഠിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിനാലൂരില്‍ അഞ്ചേക്കര്‍ സ്ഥലത്ത് ഒരുലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ലോകപ്രശസ്ത ഫുഡ് കണ്‍സള്‍ട്ടന്റ് ബാലാജിയാണ് വ്യത്യസ്ത തരം ബിസ്‌കറ്റുകളുടെ രുചിക്കൂട്ടുകള്‍ തയ്യാറാക്കിയത്. ഏലം, കാപ്പി ഉള്‍പ്പെടെയുള്ള സുഗന്ധദ്രവ്യങ്ങള്‍ ബിസ്‌കറ്റില്‍ ചേര്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ 22000 ഷോപ്പുകളില്‍ ഇപ്പോള്‍ പ്രോഡക്ട് ലഭ്യമാണ്. മൂന്ന് മാസത്തിനകം ആഫ്രിക്കന്‍ രാജ്യങ്ങള്‍, യൂറോപ്പ്, ജി.സി.സി രാജ്യങ്ങളിലും ക്രേസ് ബിസ്‌കറ്റ് എത്തും.