തിരുവനന്തപുരം: രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സ്ഥലമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാര്‍ട്ടപ്പുകളിലൂടെ കേരളത്തില്‍ ഓരോ മേഖലയിലും വികസനം ഉണ്ടാകുന്നുണ്ട്. ഏതൊരാള്‍ക്കും സ്റ്റാര്‍ട്ട് ആപ്പ് ആരംഭിക്കാനാവുന്ന നിലയാണ് കേരളം ഇപ്പോളെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ നോളജ് എക്കോണമിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. ലോകത്തിലെ തന്നെ മികച്ച സ്റ്റാര്‍ട്ട് അപ്പ് കേന്ദ്രമായി കേരളത്തെ മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ കോണ്‍ക്ലേവ് ഹഡിള്‍ ഗ്ലോബലിന്റെ നാലാം എഡിഷന് തിരുവനന്തപുരത്ത് തുടക്കം കുറിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി യുവ സംരംഭകരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വ്യവസായ വാണിജ്യരംഗത്തെ ന്യൂതന ആശയങ്ങള്‍, പരീക്ഷണങ്ങള്‍, സ്വയം പരിചയപ്പെടുത്തുന്ന യുവ സംരംഭകര്‍, മികച്ച സാധ്യതകളെ കണ്ടെത്താനും കൈപിടിച്ച് ഏറ്റെടുക്കാനും നിക്ഷേപകര്‍ അങ്ങനെ കേരളത്തിലെ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് കുതിപ്പ് നല്‍കാന്‍ ഈ കോണ്‍ക്ലേവ് സഹായിക്കും. രണ്ട് ദിവസം നീളുന്നതാണ് ഹഡിള്‍ ഗ്ലോബല്‍ സമ്മേളനം. റോക്കറ്റ് വിക്ഷേണത്തിന് അനുമതി കിട്ടിയ അഗ്‌നികുല്‍ കോസ്‌മോസ്, പേഴ്‌സിനും എ.ടി.എം കാര്‍ഡുകള്‍ക്കും പകരം പണം കൈമാറ്റത്തിന് സഹായിക്കുന്ന മോതിരവുമായെത്തിയ എയ്‌സ്മണി തുടങ്ങി ചക്കപ്രേമികളുടെ വാട്‌സാപ്പ് കൂട്ടായ്മയില്‍ നിന്ന് വളര്‍ന്ന് കമ്പനിയായ ചക്കക്കൂട്ടം വരെ കോണ്‍ക്ലേവിലുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള സ്റ്റാര്‍ട്ടപ്പിനുള്ള പ്രൈഡ് ഓഫ് കേരള പുരസ്‌കാരം ജെന്‍ റോബോര്‍ടിക്‌സിന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.
രാജ്യത്ത് വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും മാനവ വിഭവശേഷിയിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ കേരളത്തെ നോളജ് എക്കോണമിയാക്കാനാണ് ശ്രമം. അതിനുള്ള എല്ലാ ശേഷിയും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തിനുതകുന്ന ഐ.ടി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫുഡ് പ്രൊസസിങ് പോലുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.