സെമിയില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫ്രാന്‍സ് ഫൈനലില്‍
ദോഹ: മൊറോക്കോയുടെ അട്ടിമറികള്‍ക്ക് ഫ്രഞ്ച് പട വിരാമമിട്ടു. ഞായറാഴ്ച്ച നടക്കുന്ന ലൂസൈല്‍ ഫൈനലില്‍ ഫ്രാന്‍സ്-അര്‍ജന്റീന പോരാട്ടത്തിനായി ഇനി കാത്തിരിക്കാം. കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലില്‍ മുന്‍തൂക്കം ഫ്രാന്‍സിന് തന്നെയായിരുന്നു. എന്നാല്‍ മൊറോക്കോ ഈ ലോകകപ്പില്‍ നടത്തിയ പ്രകടനങ്ങള്‍ അവര്‍ മറ്റൊരു അട്ടിമറിയിലൂടെ ഫൈനല്‍ പ്രവേശനം നേടുമെന്ന് കരുതിയവര്‍ ഒരുപാടു പേരാണ്. ഇതുവരെ അവരുടെ ശക്തി എന്നു പറയുന്നത് മികവുറ്റ പ്രതിരോധം തന്നെയായിരുന്നു. ഈവ ലോകകപ്പില്‍ സെമിഫൈനലിന് മുന്നേ അവര്‍ ഗോള്‍ വഴങ്ങിയത് കാനഡയോട് മാത്രമായിരുന്നു. അതും സെള്‍ഫ് ഗോള്‍. എന്നാല്‍ ഇന്നലെ മൊറോക്കോയുടെ പ്രതിരോധ കളിയെ ഫ്രഞ്ച്പ്പട ഒന്നാകെ പൊളിക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ട് മനോഹര ഗോളിലൂടെ അവര്‍ ഫൈനല്‍ പ്രവേശവും മൊറോക്കോയുടെ അസാധാരണവും കഴിവുറ്റതുമായ ഈ ലോകകപ്പിലെ മുന്നേറ്റവുമാണ് തടഞ്ഞത്. പരാജയപ്പെട്ടെങ്കിലും തലയുയര്‍ത്തി തന്നെ മൊറോക്കോക്ക് വിടപറയും. സ്‌പെയിനിനേയും പോര്‍ച്ചുഗലിനേയും ഉള്‍പ്പടെയുള്ള ലോക ഫുട്‌ബോളിലെ കൊമ്പന്മാരെയാണ് ആഫ്രിക്കയില്‍ നിന്നുള്ള ഈ കൊച്ചു രാജ്യം കീഴടക്കിയത്. വീരോചിതമായ വിടവാങ്ങല്‍ തന്നെയാണതവര്‍ക്ക്.
ആര്‍ത്തിരമ്പിയ മൊറോക്കന്‍ ആരാധകരെ നിശബ്ദരാക്കാന്‍ ഫ്രഞ്ച് കരുത്തന്മാര്‍ക്ക് വേണ്ടി വന്നത് വെറും അഞ്ച് മിനിറ്റാണ്. ആടിയുലഞ്ഞ പ്രതിരോധ നിരയെ മുതലെടുത്ത് ഗ്രീസ്മാന്‍ പന്ത് എംബാപ്പെയിലേക്ക് നല്‍കി. താരത്തിന്റെ ഷോട്ട് ഗോളാകാതെ സംരക്ഷിച്ചെങ്കിലും ലെഫ്റ്റ് ബാക്കായ തിയോ ഹെര്‍ണാണ്ടസിന്റെ ഷോട്ട് തടുക്കാന്‍ മൊറോക്കന്‍ ഗോളി യാസിന്‍ ബോണോക്കായില്ല. ഫ്രാന്‍സ് 1-0ന് മുന്നില്‍. തുടര്‍ന്ന് പ്രതിരോധത്തില്‍ മാത്രം ഒതുങ്ങാതെ മൊറോക്കോ ആക്രമിക്കാനും ആരംഭിച്ചു. ഇതിനിടെ 19-ാം മിനിട്ടില്‍ പരുക്കേറ്റ മൊറോക്കന്‍ നായകന്‍ സയസ്സിനെ പിന്‍വലിക്കേണ്ടി വന്നത് ആഫ്രിക്കന്‍ സംഘത്തിന് തിരിച്ചടിയായി. സിയെച്ചിലൂടെയും ബൗഫലിലൂടെയുമെല്ലാം നല്ല നീക്കങ്ങള്‍ മെനഞ്ഞെടുക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചെങ്കിലും ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല. ലക്ഷ്യം ഗോളാണെന്ന് ഉറപ്പിച്ചെത്തിയ മൊറോക്കോ ആയിരുന്നു രണ്ടാം പകുതിയില്‍ കളത്തില്‍. ഫ്രഞ്ച് പ്രതിരോധത്തെ പല ഘട്ടത്തിലും അമ്പരിപ്പിക്കാന്‍ ആഫ്രിക്കന്‍ വീര്യത്തിന് സാധിച്ചു. 79-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ കോലോ മഔനി തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഫ്രാന്‍സിന്റെ ജയമുറപ്പിച്ചു. പരാജയപ്പെട്ടെങ്കിലും ഈ ലോകകപ്പില്‍ ഓര്‍മിക്കാവുന്ന ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ചാണ് മൊറോക്കോ വിടപറയുന്നത്. ശനിയാഴ്ച ക്രൊയേഷ്യക്കെതിരേ മൂന്നാം സ്ഥാനത്തിനായി അവര്‍ വീണ്ടുമിറങ്ങും.