നാദാപുരത്ത് പന്നി ശല്യം രൂക്ഷം; രണ്ട് കാട്ടുപന്നികളെ പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം വെടിവച്ചു കൊന്നു

നാദാപുരത്ത് പന്നി ശല്യം രൂക്ഷം; രണ്ട് കാട്ടുപന്നികളെ പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം വെടിവച്ചു കൊന്നു

നാദാപുരം: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഇയ്യങ്കോട് പ്രദേശത്ത് കാട്ടു പന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. പ്രേമലത പുന്നോള്ളതില്‍ എന്നവരുടെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കിണറില്‍ അകപ്പെട്ട രണ്ട് കാട്ടുപന്നികളെ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിയുടെ ഉത്തരവ് പ്രകാരം ലൈസന്‍സുള്ള ഷൂട്ടര്‍ കായക്കൊടി കയനാടത്ത് അശോകന്‍ വെടിവച്ചുകൊന്നു. ഈ പ്രദേശത്ത് കുറച്ചു ദിവസങ്ങളായി രൂക്ഷമായ കാട്ടുപന്നി ശല്യം ഉണ്ടാവുകയും പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് കാട്ടുപന്നികളെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നത്. ഇത് സംബന്ധിച്ച് പഞ്ചായത്തില്‍ ലഭിച്ച പരാതി പ്രകാരം സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍ വാസു പുതിയപറമ്പത്തിന്റെ സാന്നിധ്യത്തില്‍ നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ വനം വന്യജീവി വകുപ്പിന്റെ 28/05/2022 ലെ 29/22 നമ്പര്‍ ഉത്തരവ് പ്രകാരവും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരുടെ 31/05/2022ലെ 3331/21 ഉത്തരം പ്രകാരവും പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച അധികാരം ഉപയോഗിച്ചാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. വെടിവെച്ച് കൊന്ന കാട്ടു പന്നികളെ മഹസ്സര്‍ തയ്യാറാക്കി കുഴിച്ചുമൂടി. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് 22 ആം വാര്‍ഡിലും കാട്ടുപന്നി ശല്യം ഉണ്ടായതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രണ്ട് കാട്ടു പന്നികളെ വെടിവെച്ച് കൊന്നിരുന്നു. വാര്‍ഡ് കണ്‍വീനര്‍ ഇ. പ്രവീണ്‍കുമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിനെ സഹായിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *