കോഴിക്കോട്: കൂടത്തായി വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ വിടുതല്‍ ഹരജി തള്ളി. കോഴിക്കോട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. കൊലപാതക പരമ്പരയിലെ മൂന്നാമത്തെ ഇരയായ ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വിടുതല്‍ ഹരജി തള്ളിയത്.
2011 സെപ്റ്റംബറിലാണ് ജോളി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയത്. ഈ കേസില്‍ കൊലപാതകകുറ്റത്തിന് പുറമേ തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയവയും ചുമത്തിയിട്ടുണ്ട്. റോയ് വധക്കേസില്‍ കേസില്‍ ഈ മാസം 24ന് വിചാരണ നടപടികള്‍ തുടങ്ങും.
റോയ് കൊലപാതകക്കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്റ്‌സും 22 മെറ്റീരിയല്‍ ഒബ്‌ജെക്ട്‌സും സമര്‍പ്പിച്ചിരുന്നു. കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.