കരിപ്പൂരില്‍ റണ്‍വേയുടെ നീളം കുറയ്ക്കണം; കേരളം മറുപടി നല്‍കിയില്ലെന്ന് കേന്ദ്രം

കരിപ്പൂരില്‍ റണ്‍വേയുടെ നീളം കുറയ്ക്കണം; കേരളം മറുപടി നല്‍കിയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റണ്‍വേയുടെ ഇരുവശവും സുരക്ഷിത മേഖലയാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേരളം ഇതുവരെ മറുപടി നല്‍കിയില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാന സര്‍ക്കാരിനോട് ആശയവിനിമയം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഒരു വിശദമായ മറുപടിയും കേരളം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന് നിലവിലെ റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുക അല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

വിമാന അപകടത്തെ തുടര്‍ന്ന് രൂപീകരിച്ച സമിതിയാണ് റണ്‍വേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല (റിസ) നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഭൂമിയേറ്റെടുത്തത് നിരപ്പാക്കി നല്‍കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് വരുന്ന ചെലവ് തങ്ങള്‍ വഹിക്കാമെന്നാണ് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്.

റണ്‍വേയുടെ 2860 മീറ്റര്‍ ഉള്ളത് 2540 മീറ്റര്‍ ആയി ചുരുക്കി രണ്ടുവശത്തും സുരക്ഷിത മേഖല 240 മീറ്ററായി വര്‍ധിപ്പിക്കാനാണ് സാധ്യത. റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ സാധിക്കാത്ത സ്ഥിതി വരും. അത് ധാരാളം പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *