തലശ്ശേരി: കാവുംഭാഗം മേജര്‍ മിസിസ്സ് കെ.പി കമലാക്ഷി ഭരതന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പതിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സ്വര്‍ണ മെഡല്‍, സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. തലശ്ശേരി നോര്‍ത്ത് എ.ഇ.ഒ വി.ഗീത ഗോള്‍ഡ് മെഡല്‍ വിതരണവും സഹായധന വിതരണവും നിര്‍വഹിച്ചു. കേണല്‍ ബി.കെ നായര്‍ അധ്യക്ഷത വഹിച്ചു. മേജര്‍ ജനറല്‍ ടി.പത്മിനി, വത്സരാജ് മടയമ്പത്ത് എന്നിവര്‍ സംസാരിച്ചു. രണ്ടാം ലോകമഹായുദ്ധ വിധവകള്‍ക്കും രോഗികളായവര്‍ക്കുമുള്ള സഹായ ധനവിതരണം ഹോണററി ക്യാപ്റ്റന്‍ പുരുഷോത്തമന്‍ രയരോത്ത് നിര്‍വഹിച്ചു. നാല് സ്‌കൂളുകളിലെ നിര്‍ധനരായ ഇരുപത് വിദ്യാര്‍ഥികള്‍ക്ക് സഹായധനവും സ്‌കോളര്‍ഷിപ്പുമാണ് വിതരണം ചെയ്തത്. രോഗശയ്യയിലായ ഇരുപത് പേര്‍ക്ക് സാമ്പത്തിക സഹായവും ചടങ്ങില്‍ വിതരണം ചെയ്തു. രാവിലെ മേജര്‍ കമലാക്ഷി ഭരതന്റെ സ്മൃതി കുടീരത്തില്‍ പുഷ്പചക്ര സമര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി.