കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സമയം വേണമെന്ന കര്‍ദിനാളിന്റെ ആവശ്യം അംഗീകരിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജനുവരി 18ന് കോടതിയില്‍ ഹാജരാകണം. കാക്കനാട് കോടതിയാണ് നിര്‍ദേശം നല്‍കിയത്. ഭൂമിയിടപാട് കേസില്‍ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാളിന്റെ ഹരജിയില്‍ ഇന്നലെ സുപ്രീം കോടതി ഇടപെട്ടില്ല. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഇടപെടുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സമര്‍പ്പിച്ച ഹരജി ഉള്‍പ്പെടെ ജനുവരി രണ്ടാം വാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പള്ളികളുടെ ഭൂമിയും സ്വത്തുക്കളും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.