കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകില്ല. കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാവകാശം വേണം എന്നും അറിയിക്കും. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യത്തില്‍ ഇന്നലെ സുപ്രീംകോടതി ഇടപെട്ടിരുന്നില്ല. ആവശ്യത്തില്‍ ഉത്തരവിറക്കാനില്ലെന്ന് ജസ്റ്റിസ് റിഷികേശ് റോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്ന ആവശ്യത്തിലാണ് കോടതി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത്.
സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നല്‍കിയ ഹര്‍ജി ഉള്‍പ്പടെ ജനുവരി രണ്ടാംവാരം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.