തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം ചേരാനായി സര്‍ക്കാര്‍. അതിനാല്‍, നിലവില്‍ നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സഭ സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും സമ്മേളനം ചേരും. അടുത്ത മാസം വീണ്ടും നിയമസഭാ സമ്മേളനം ചേരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പുതിയവര്‍ഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മര്‍ദത്തിലാക്കിയതിന്റെ തുടര്‍ച്ച പ്രതീക്ഷിച്ചു കൊണ്ടാണ് സര്‍ക്കാര്‍ നീക്കം. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാര്‍ശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്റെ തുടര്‍ച്ചയായി തന്നെ കണക്കാക്കാം. തല്‍ക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവര്‍ണറെ മാറ്റിനിര്‍ത്താനാവില്ല. വരുന്ന വര്‍ഷം എപ്പോള്‍ സഭ പുതുതായി ചേര്‍ന്നാലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.