കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷന്‍ ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസും സംയുക്തമായി ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബഹുമുഖ പ്രതിഭാ പുരസ്‌കാരത്തിന് ചലച്ചിത്ര ടെലിസീരിയല്‍ സംവിധായകനും സാഹിത്യകാരനും കവിയും ഗാനരചയിതാവുമായ വയലാര്‍ മാധവന്‍കുട്ടിയേയും പത്രപ്രവര്‍ത്തനമേഖലയിലെ കാല്‍നൂറ്റാണ്ടുകാലത്തെ മികവിനുള്ള പ്രതിഭാപുരസ്‌കാരത്തിന് മലയാള മനോരമ കണ്ണൂര്‍ യൂണിറ്റ് ബ്യൂറോ ചീഫ് കെ.ജയപ്രകാശ് ബാബുവിനേയും തിരഞ്ഞെടുത്തു.
മികച്ച പുസ്തകങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ ദിനകരന്‍ കൊമ്പിലാത്ത് (അന്വേഷണാത്മക വാര്‍ത്താധിഷ്ഠിത ലേഖന സമാഹാരം: റൈറ്റിങ് പാഡ്), എസ്.കെ പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര ജയപ്രകാശ് (ഓര്‍മ്മക്കുറിപ്പുകള്‍: അച്ഛനാണ് എന്റെ ദേശം), ലൂക്കോസ് ലൂക്കോസ് (നര്‍മ്മാനുഭവക്കുറിപ്പുകള്‍: ലൂക്കോസിന്റെ സുവിശേഷങ്ങള്‍), ഡോക്ടര്‍ ഒ.എസ് രാജേന്ദ്രന്‍ (നോവല്‍: ജൂലി), രജനി സുരേഷ് (കഥാസമാഹാരം: പുലിയന്‍കുന്ന് വള്ളുവനാടന്‍ കഥകള്‍), അനില്‍ നീലാംബരി (മിനിക്കഥാസമാഹാരം: നിഴല്‍രൂപങ്ങളുടെ കാല്‍പാടുകള്‍) എന്നിവര്‍ അര്‍ഹരായി.
2023 ജനുവരി 14 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍, ഡോക്ടര്‍ എം.പി അബ്ദുസ്സമദ് സമദാനി എം.പി, സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തും ജൂറിചെയര്‍മാനുമായ. ശത്രുഘ്‌നന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് എയറോസിസ് കോളേജ് എം.ഡി ഡോക്ടര്‍ ഷാഹുല്‍ ഹമീദ്, വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവേദി ചെയര്‍മാന്‍ റഹിം പൂവാട്ടുപറമ്പ് എന്നിവര്‍ അറിയിച്ചു.